പരീക്ഷാകാലം കഴിഞ്ഞു; ഇനി അവധിയുടെ ആവേശക്കാലം
കൊച്ചി: അവധിയുടെ ആവേശകാലത്തില്‍ അലിയാന്‍ വിദ്യാര്‍ഥികള്‍... എസ്.എസ്.എല്‍.സി പരീക്ഷയുടെ ചൂടില്‍ നിന്നും അവധിയുടെ ആവേശവും ആലസ്യവും നുകരാന്‍ വെമ്പി അവര്‍ സ്‌കൂള്‍ വിട്ടു. ഇനി അവധിയുടെയും തുടര്‍ വിദ്യാഭ്യാസ ചര്‍ച്ചകളുടെയും കാലം. എന്തായാലും, തല്‍കാലം അവധി ആഘോഷം മാത്രമേയുള്ളു എന്നാണ് എല്ലാ വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടത്. അതിനുശേഷം മാത്രം തുടര്‍ വിദ്യാഭ്യാസ ചിന്തകള്‍ എന്നാണ് അവരുടെ വാദം. അതെന്തായാലും പരീക്ഷാ ഫലം വന്നശേഷം ആലോചിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പരീക്ഷാക്കാലം തുടങ്ങിയത് 13ന് ആണെങ്കിലും അതിനും എത്രയോ മുന്‍പേതന്നെ ഉറക്കം പോയെന്ന് ചിലര്‍ പറയുന്നു. ആദ്യം ഉറക്കം, പിന്നെ കളികള്‍... അങ്ങനെ അവധിക്കാലത്തെപ്പറ്റി കൃത്യമായ സങ്കല്‍പങ്ങളോടെയാണ് അവര്‍ ഓരോരുത്തരും വീടുകളിലേക്കു പോകുന്നത്.
ഇന്നലെയായിരുന്നു അവസാന പരീക്ഷ. ജീവശാസ്ത്രമായിരുന്നു വിഷയം. ഏറെക്കുറെ എളുപ്പമായിരുന്നതായാണ് കുട്ടികള്‍ പറയുന്നത്. എന്നാല്‍ ഇംഗ്ലീഷ്, കണക്ക്, ഭൗതിക ശാസ്ത്രം എന്നിവ അല്‍പം ആശങ്ക ഉണ്ടാക്കിയെന്നും കുട്ടികള്‍ പറയുന്നു. മലയാളം അടക്കമുള്ള മറ്റ് വിഷയങ്ങള്‍ എളുപ്പമായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്നലത്തെ പരീക്ഷകൂടി കഴിഞ്ഞപ്പോള്‍ അവധിയുടെ പ്രതീക്ഷകളിലും കുട്ടികള്‍ വേര്‍പിരിയലിന്റെ വിഷമത്തില്‍ വിങ്ങുന്നുണ്ടായിരുന്നു. പൊള്ളുന്ന ചൂടിലും ചിലര്‍ കെട്ടിപ്പിടിച്ചു കരഞ്ഞു... ഓട്ടോഗ്രാഫ് വാങ്ങുന്നതിന്റെ തിരക്കും അതിനിടെ കണ്ടു. അധ്യാപകരുമൊത്തും സുഹൃത്തുക്കള്‍ക്കൊപ്പവും സെല്‍ഫി എടുക്കാനുള്ള തിരക്കും ഉണ്ടായി. ചിലര്‍ സ്്കൂളിനെ പശ്ചാത്തലമാക്കിയും സെല്‍ഫികള്‍ എടുത്തു. എങ്ങും പരീക്ഷ തീര്‍ന്നതിന്റെ ആശ്വാസം ആയിരുന്നെങ്കിലും ചോദ്യപേപ്പര്‍ അവലോകനങ്ങളും പതിവുപോലെ നടന്നു. അങ്ങനെ യാത്രപറച്ചിലും ചോദിക്കലും തീര്‍ത്ത് അവര്‍ ഓരോരുത്തരും യാത്രയായി... അവധിക്കാലം കാത്തുവച്ചിരിക്കുന്ന ആവേശത്തിലേക്ക്...
ആലുവ, കോതമംഗലം, മൂവാറ്റുപുഴ, എറണാകുളം എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി 32838 കുട്ടികളാണ് ഇത്തവണ എറണാകുളം ജില്ലയില്‍ ആകെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. 507 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ചുളിക്കല്‍ സ്‌കൂളിലാണ് ഏറ്റവും കുറവു കുട്ടികള്‍ പരീക്ഷ എഴുതിയത്. ആലുവ വിദ്യാഭ്യാസ ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ളത്. 2616 അധ്യാപകരാണ് പരീക്ഷാ നടത്തിപ്പിനാകെ നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."