പ്രധാന നഗരങ്ങളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്
കല്‍പ്പറ്റ: ജില്ലയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലും ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡുകളില്‍ പഴകിയ ഭക്ഷണ സാധനങ്ങളും ഉപയോഗ ശൂന്യമായ കിലോക്കണക്കിന് പച്ച മത്സ്യവും പിടിച്ചെടുത്തു.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് നഗരസഭാ ആരോഗ്യ വിഭാഗങ്ങള്‍ ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കല്‍പ്പറ്റയില്‍ ബൈപ്പാസിലുള്ള മത്സ്യ മാര്‍ക്കറ്റിലായിരുന്നു പരിശോധന.
മാനന്തവാടി: മാനന്തവാടിയില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലകളിലും ചപ്പാത്തി നിര്‍മ്മാണ ശാലകളിലും പരിശോധന നടത്തി. 11 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ നിഹാലില്‍ നിന്നും പഴകിയ എണ്ണപലഹാരങ്ങളും, കറികളും പിടിച്ചെടുത്തു. രാത്രിയില്‍ ഏഴോളം തട്ടുകടകളിലായി നടത്തിയ പരിശോധനയില്‍ പലയിടത്തും മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തി.
വൃത്തിഹീനമായ സംഭരണികളിലാണ് കുടിവെള്ളമടക്കം ശേഖരിച്ചുവെച്ചിരിക്കുന്നതെന്നും വ്യക്തമായി. കൂടാതെ തട്ടുകടകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡുകളും പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടിയിലെ ഭക്ഷ്യവിതരണ ശാലകളില്‍ പരിശോധന നടത്തിയത്. ആദ്യതവണ 13 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ഒന്‍പത് സ്ഥാപനങ്ങളില്‍ നിന്നും പഴകിയതും, വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടുകയും ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു.
പരിശോധനയുടെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചയിലുമായി ആരോഗ്യവിഭാഗം ജീവനക്കാര്‍ പരിശോധന നടത്തിയത്. എന്നാല്‍ 11 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ഒരു ഹോട്ടലില്‍ നിന്നും മാത്രമാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. തങ്ങള്‍ തുടര്‍ച്ചയായി നടത്തി വരുന്ന പരിശോധനയുടെ ഫലം കണ്ടുതുടങ്ങിയതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടുകടകളിലെ മലിനജല ഉപയോഗം നിയന്ത്രിക്കുന്നതിനായി കര്‍ശന നടപടികള്‍ തുടരുമെന്നും ഹെല്‍ത്ത് കാര്‍ഡ് കൈവശമില്ലാത്തവരോട് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് തന്നെ കാര്‍ഡ് എടുക്കുവാന്‍ നിര്‍ദ്ദേശിച്ചതായും ആരോഗ്യവിഭാഗം അറിയിച്ചു.
നഗരത്തിലെ ഭക്ഷ്യവിതരണശാലകളിലെ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടുച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരികുമെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി തുളസീധരന്‍, പി ഇബ്രാഹിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി ബിനോജ്, ജീവനക്കാരായ ജനാര്‍ദ്ധനന്‍, ബിജു ഫിലിപ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്റ്റാര്‍ ഹോട്ടലുകളിലടക്കം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ പിടികൂടി. 'ഓപ്പറേഷന്‍ ജനജാഗ്രത' എന്ന പേരില്‍ നടത്തിയ റെയ്ഡിലാണ് സ്റ്റാര്‍ ഹോട്ടലുകളടക്കം പിടിക്കപ്പെട്ടത്.
ത്രീസ്റ്റാര്‍ ഹോട്ടലായ ഷീ ലിസാച്, കഫേ ഖത്തര്‍, വാവാ, ബിസ്മി, അലങ്കാര്‍, അരവിന്ദ്, ആശമെസ്, കെ.കെ മെസ് ബീനാച്ചി, എം.ഇ.എസ്് ആശുപത്രിക്ക് സമീപമുള്ള കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത്. പഴകിയ ചോറ്്, മാംസ-മത്സ്യ ഭക്ഷണങ്ങള്‍, പഴകിയ എണ്ണ, പൊറോട്ട, കറിക്കൂട്ടുകള്‍, ചപ്പാത്തി എന്നിവയാണ് പിടികൂടിയത്. ഇതില്‍ പഴകിയ ഭക്ഷണം പിടികൂടിയ ചുള്ളിയോട്്് റോഡിലുള്ള ചക്കാലക്കല്‍ ടൂറിസ്റ്റ് ഹോമിലെ വാവ ഹോട്ടല്‍ നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു.
നിയമാനുസൃതമല്ലാത്തതും ലൈസന്‍സ് ഇല്ലാത്തതുമാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ കാരണം. മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ കനത്തപിഴ ഈടാക്കുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്ന പക്ഷം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു.
പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അംബിക, ജെ.എച്ച്.ഐമാരായ പി.എസ് സുധീര്‍, പി.എസ് സവിത, വി മനോജ് നേതൃത്വം നല്‍കി.
കല്‍പ്പറ്റ: ഒരു ക്വിന്റലിന് മുകളില്‍ പഴകിയ മത്സ്യം കല്‍പ്പറ്റയില്‍ പിടികൂടി. ബൈപാസിന് സമീപം ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഫ്രീസര്‍ ലോറിയില്‍ സൂക്ഷിച്ച മത്സ്യമാണ് ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്ന ചൂത, അയല, ചെമ്മീന്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്നത്. സാംപിള്‍ ഫുഡ്‌സേഫ്റ്റി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കൗണ്‍സിലര്‍മാരായ വി ഹാരിസ്, റഷീദ്, വിശ്വനാഥന്‍, നഗരസഭാ ആരോഗ്യവിഭാഗം തലവന്‍ ബദറുദ്ദീന്‍, എന്‍ജിനീയര്‍ നാസര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."