അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ലാബ്; കെട്ടിടം ഫാര്‍മസിയായി ഉപയോഗിക്കുന്നു
പള്ളിക്കല്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടി ലാബ് പ്രവര്‍ത്തിക്കുമ്പോള്‍ ലാബിന് നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഫാര്‍മസി. ആധുനിക സജ്ജീകരണത്തോടെ എന്‍.ആര്.എച്ച്.എമ്മിന്റെ സഹായത്തോടെ ലാബ് തുടങ്ങുന്നതിനായി ഗ്രാമ പഞ്ചായത്താണ് 2015 ല്‍ അഞ്ചു ലക്ഷത്തോളം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചുനല്‍കിയത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും മാസങ്ങളോളം ലാബ് പ്രവര്‍ത്തിക്കാത്തതിന് വൈദ്യുതി ലഭിക്കാത്തതാണ് അന്ന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വൈദ്യുതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ലാബിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ തയാറായില്ല.
ലാബിന് പുതിയകെട്ടിടം പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയെങ്കിലും ആധുനിക രീതിയില്‍ ലാബ് തുടങ്ങാനായ ഒരു സഹായവും എന്‍.ആര്.എച്ച്.എമ്മില്‍ നിന്നുമുണ്ടായിട്ടില്ലായെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പരിശോധനാ ദിവസങ്ങളില്‍ നൂറ്ക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ രക്ത പരിശോധനക്കായി ഒരു ജീവനക്കാരന് മാത്രമാണുള്ളത്. ലക്ഷങ്ങള്‍ മടക്കി കെട്ടിടം ഉണ്ടാക്കിയിട്ടും അധികൃതരുടെ അനാസ്ഥമൂലം വിദഗ്ധ രക്ത പരിശോധനക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്.
തൊട്ടടുത്ത് സ്വകാര്യലാബും ഇല്ലാത്തതിനാല്‍ മൂന്നര കിലോ മീറ്റര്‍ യാത്ര ചെയ്ത് പള്ളിക്കല്‍ ബസാര്‍ ടൗണിലെത്തി വേണം പരിശോധന നടത്താന്‍. ഇത് രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. നിലവിലെ ഫാര്‍മസിയില്‍ മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ലാബിന് നിര്‍മിച്ച കെട്ടിടത്തിലേക്ക് ഫാര്‍മസി മാറ്റിസ്ഥാപിക്കാന്‍ ആശുപത്രി വെല്‍ഫെയര്‍ കമ്മിറ്റിയില്‍ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് മെഡിക്കല്‍ ഓഫിസര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."