ബി.ജെ.പി കേരളത്തില്‍നിന്ന് ജനാധിപത്യം പഠിക്കണം
1982ല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ജീവന്‍ നിലനിര്‍ത്തിയത് നിയമസഭാ സ്പീക്കറായിരുന്ന എ.സി ജോസിന്റെ വോട്ടാണ്. ഭരണപക്ഷവും പ്രതിപക്ഷവും തുല്യശക്തികളായി സഭയില്‍ പരസ്പരം ബലം പരീക്ഷിച്ചുനിന്ന ചെറിയൊരു കാലഘട്ടത്തിലെ വലിയൊരു രാഷ്ട്രീയ വിശേഷം. നിര്‍ണായക ഘട്ടത്തില്‍ പ്രതിപക്ഷം വോട്ട് ആവശ്യപ്പെട്ടാല്‍ സ്പീക്കര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇങ്ങനെ സ്പീക്കര്‍ ചെയ്യുന്ന വോട്ടിനു കാസ്റ്റിങ് വോട്ട് എന്നാണു പേര്. മൂന്നു മാസം മാത്രം നിലനിന്ന കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്ന എ.സി ജോസ് കേരള രാഷ്ട്രീയത്തില്‍ കാസ്റ്റിങ് സ്പീക്കര്‍ എന്നറിയപ്പെട്ടു.
1980ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും പിന്തുണയോടെ അധികാരത്തിലെത്തിയ ഇ.കെ നായനാര്‍ സര്‍ക്കാര്‍ നിലംപതിച്ചതോടെയാണ് 1981ല്‍ കെ. കരുണാകരന്‍ സര്‍ക്കാരുണ്ടാക്കിയത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നു രൂപംകൊണ്ട കോണ്‍ഗ്രസ് (യു) കേരളാ ഘടകം ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തേക്ക് നീങ്ങി. ഒപ്പം മാണിയും കൂടി. ആന്റണി വിഭാഗത്തിലെ 21 എം.എല്‍.എമാരും മാണി വിഭാഗത്തിലെ എട്ടുപേരും ഇ.കെ നായനാരോടൊപ്പം. അധികം താമസിയാതെ തന്നെ ഈ രണ്ടു വിഭാഗങ്ങളും സി.പി.എം നേതൃത്വവുമായി അകന്നു. 1981 ഒക്ടോബര്‍ 20ന് ഇ.കെ നായനാര്‍ രാജിവച്ചു. രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം കെ. കരുണാകരന്‍ എട്ടംഗ സര്‍ക്കാര്‍ രൂപീകരിച്ചു. 1981 ഡിസംബര്‍ 28ന് ആന്റണി വിഭാഗവും ജനതാപാര്‍ട്ടിയും പിളര്‍പ്പിലേക്ക് നീങ്ങിയതോടെ കരുണാകരനു മതിയായ ഭൂരിപക്ഷം ഉറപ്പാക്കാനായില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും 70-70 എന്ന തുല്യനില. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.സി ജോസിനു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കാസ്റ്റിങ് വോട്ട് ചെയ്യേണ്ടിവന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ പ്രതിപക്ഷം കൊണ്ടുവന്നത് ഏഴു ഭേദഗതികള്‍. ഏഴിനും പ്രതിപക്ഷം വോട്ട് ആവശ്യപ്പെടുകയും ചെയ്തു. ഏഴു തണവയും സ്പീക്കര്‍ എ.സി ജോസ് കാസ്റ്റിങ് വോട്ട് ചെയ്തു. അവസാനം കേരളാ കോണ്‍ഗ്രസ് അംഗമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ പ്രതിപക്ഷത്തോടു ചേര്‍ന്ന് വോട്ട് ചെയ്യുകയും കരുണാകരന്‍ സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു. നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്. പിന്നീട് തെരഞ്ഞെടുപ്പ്. വീണ്ടും കെ. കരുണാകരന്‍ അധികാരത്തിലെത്തിയത് രാഷ്ട്രീയചരിത്രം. ഇത്ര ശക്തമായ ബലപരീക്ഷണം നടന്നപ്പോഴും പ്രതിപക്ഷത്തുനിന്ന് ആളെ ചാക്കിട്ടുപിടിക്കാന്‍ ഭരണപക്ഷം ഒരിക്കല്‍പോലും ശ്രമിച്ചില്ലെന്നത് ജനാധിപത്യ കേരളത്തിന്റെ നല്ല മുഖം.
ജനാധിപത്യ രീതികളുടെയും കീഴ്‌വഴക്കങ്ങളുടെയും വളര്‍ച്ചയും പക്വതയുമൊന്നും രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി തരിമ്പും ഉള്‍ക്കൊണ്ടിട്ടില്ല. പത്തു സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും തകൃതിയായി നടക്കുകയാണ്. എന്ത് വിലകൊടുത്തും എം.എല്‍.എമാരെ ചാക്കിലാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു ബി.ജെ.പി. വിലപേശാനും കച്ചവടമുറപ്പിക്കാനും ചില എം.എല്‍.എമാര്‍ തയാറായിട്ടുണ്ടെന്നത് നാണംകെട്ട വിശേഷമായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു.
ഗുജറാത്തില്‍ ഇത്തവണ നാലു രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബി.ജെ.പിക്ക് സ്വന്തം വോട്ട് കൊണ്ട് രണ്ടു സീറ്റില്‍ ജയിക്കാം. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് ഗുജറാത്തില്‍ എട്ട് എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. ഇതുവഴി മൂന്നാമതൊരു സീറ്റും ബി.ജെ.പി ഉറപ്പുവരുത്തിയിരിക്കുന്നു. ബി.ജെ.പിയുടെ പ്രലോഭനങ്ങളില്‍നിന്ന് എം.എല്‍.എമാരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അവരെയെല്ലാം രാജസ്ഥാനിലെ ഒരു റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. നാണംകെട്ട രാഷ്ട്രീയക്കളികള്‍.
രാജസ്ഥാനിലും ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ പിടിക്കാനിറങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലുള്ള അംഗബലമനുസരിച്ച് രണ്ടു സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് ബി.ജെ.പിക്കും കിട്ടാം. ഒരു സീറ്റില്‍കൂടി കണ്ണുവച്ച് ഇവിടെ ബി.ജെ.പി രണ്ടാമതൊരു സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കിയിരിക്കുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിനെ മറിക്കാന്‍ എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 30 കോടി രൂപ വരെയാണു വാഗ്ദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി തന്നെ ആരോപിക്കുന്നുമുണ്ട്. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പി ഇനി രാജസ്ഥാനിലേക്ക് ശ്രദ്ധവയ്ക്കുന്നത് സ്വാഭാവികം.
16 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ താഴെയിറക്കി ബി.ജെ.പി ഭരണത്തില്‍ കയറിയത്. 2008ല്‍ കര്‍ണാടകയില്‍ 20 എം.എല്‍.എമാരെ കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും കൂറുമാറ്റിക്കൊണ്ടുവന്ന് ബി.ജെ.പി വന്‍ കുതിരക്കച്ചവടം നടത്തിയിരുന്നു. ബി.ജെ.പിയുടെ അന്നത്തെ കൂറുമാറ്റ പരീക്ഷണത്തിന് ഓപറേഷന്‍ താമര എന്ന പേര് വീണു. കഴിഞ്ഞവര്‍ഷം വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച 13 എം.എല്‍.എമാര്‍ നേതൃത്വവുമായി പിണങ്ങി ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതില്‍ ഒരാള്‍ തിരികെ പോയി.
ഗോവയിലും മണിപ്പൂരിലും തൂക്കു നിയമസഭകളിലാണ് കൂറുമാറ്റത്തിലൂടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ബി.ജെ.പി നേടിയത് 13 സീറ്റ് മാത്രം. കേവല ഭൂരിപക്ഷത്തിനു 21 പേരുടെ പിന്തുണ വേണം. അവിടെ സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി. കോണ്‍ഗ്രസിനോടൊപ്പം പ്രചാരണത്തിലുണ്ടായിരുന്ന ഗോവാ ഫോര്‍വേഡ് പാര്‍ട്ടി അപ്പാടെ ബി.ജെ.പി പക്ഷത്തേയ്ക്കു കൂറുമാറുകയായിരുന്നു. 2017ല്‍ മണിപ്പൂരിലും ഇതേ രീതിയിലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുമായി കോണ്‍ഗ്രസ് മുന്‍പിലെത്തി. പക്ഷേ, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെയല്ല ഗവര്‍ണര്‍ ക്ഷണിച്ചത്. ഘടക കക്ഷികളുടെ പിന്തുണയോടെ 30 സീറ്റിലെത്തിയ ബി.ജെ.പി കേവല ഭൂരിപക്ഷമായ 31 തികയ്ക്കാന്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ പിന്തുണകൂടി കൈയില്‍ വാങ്ങി ഗവര്‍ണറെ ബോധ്യപ്പെടുത്തി സര്‍ക്കാരുണ്ടാക്കി. രസകരമായ കാര്യം, ആ എം.എല്‍.എ രാജിവയ്ക്കാതെ കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു എന്നതാണ്. രാജിവയ്ക്കാതെ തന്നെ ഈ എം.എല്‍.എ മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്യുന്നു. നാണംകെട്ട കുതിരക്കച്ചവട പരമ്പരയില്‍ ബി.ജെ.പിയുടെ വക ഒരു പരീക്ഷണം കൂടിയായിരുന്നു അത്.
കേന്ദ്രത്തിലെ ഭരണത്തിന്റെ ബലത്തില്‍ അധികാരക്കൊതി പൂണ്ട ബി.ജെ.പി കേരളത്തിലെ ജനാധിപത്യ രീതികളെയും മൂല്യങ്ങളെയും കണ്ടുപഠിക്കേണ്ടതുതന്നെ. ഐക്യകേരളത്തിന്റെ 1957ലെ ആദ്യ ഗവണ്‍മെന്റില്‍ തുടങ്ങിയ ജനാധിപത്യ പരീക്ഷണങ്ങളില്‍ എടുത്തുകാട്ടാന്‍ ഉദാഹരണങ്ങള്‍ ഏറെ. 1957ല്‍ 126 അംഗ നിയമസഭയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയത് 60 സീറ്റ്. കോണ്‍ഗ്രസിനു കിട്ടിയത് 43 സീറ്റും. പി.എസ്.പിക്ക് ഒന്‍പതു സീറ്റും കിട്ടി. 14 സ്വതന്ത്രരും വിജയിച്ചു. അഞ്ചു സ്വതന്ത്രരെയും കൂട്ടി 65 അംഗങ്ങളുടെ പിന്‍ബലത്തോടെയാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി പദമേറ്റത്. സ്വതന്ത്രരെപ്പോലും ചാക്കിട്ടുപിടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചില്ല. അല്ലെങ്കില്‍ തന്നെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെപ്പോലെ പ്രഗത്ഭരായ സ്വതന്ത്രരെ ആര് ഏതു ചാക്കില്‍ കയറ്റും. കൂറുമാറാനും ആരും തയാറായില്ല. വിദ്യാഭ്യാസ ബില്ലിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു.
2011ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചത് നേരിയ ഭൂരിപക്ഷത്തില്‍. 140 അംഗ നിയമസഭയില്‍ യു.ഡി.എഫിനു 72 സീറ്റും ഇടതുമുന്നണിക്ക് 68 സീറ്റുമാണ് ലഭിച്ചത്. വെറും രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു ഭീഷണിയുമില്ലാതെ ഭരിച്ചു. 2012ല്‍ നെയ്യാറ്റിന്‍കരയിലെ സി.പി.എം അംഗം ആര്‍. ശെല്‍വരാജ് പാര്‍ട്ടി അംഗത്വവും എം.എല്‍.എ സ്ഥാനവും രാജിവച്ചു കോണ്‍ഗ്രസിലെത്തിയെന്നത് ഒരു രാഷ്ട്രീയ വിശേഷം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ശെല്‍വരാജ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂരിപക്ഷം കൂട്ടിയെന്നതും ശ്രദ്ധിക്കേണ്ട കാര്യം. പക്ഷേ, പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചു പരാജയപ്പെടുന്നതും കേരളം കണ്ടു.
ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യമെന്നാണര്‍ഥമെന്ന് ബി.ജെ.പി ഇനിയും മനസിലാക്കിയിട്ടില്ല. അവിടെ അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ശക്തികള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല തന്നെ. ജനങ്ങളുടെ അധികാരവും സ്വാതന്ത്ര്യവും അവകാശവുമാണ് ജനാധിപത്യത്തില്‍ പ്രധാനം. ഏതാണ്ട് 2,500 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ലോകത്ത് ജനാധിപത്യ ചിന്തകള്‍ പൊട്ടിമുളച്ചിട്ട്. ഇന്നും ലോകത്തിലെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലൊക്കെയും ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളും ചിന്തകളും സജീവമായ ചിന്താവിഷയം തന്നെയാണ്. ലോകത്ത് ഏറ്റവും പ്രായമുള്ള ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലിസുകാരന്‍ കഴുത്ത് കാല്‍മുട്ടുകൊണ്ട് ഞെരിച്ചു കൊന്നതിനെതിരേ ഉയര്‍ന്ന പ്രക്ഷോഭം ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക് കത്തിപ്പടരുന്നത് അധികാര കേന്ദ്രങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ജനാധിപത്യ രീതികളിലൂടെ അധികാരത്തിലെത്തുന്നവര്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക തന്നെ വേണം. പണം നിറച്ച ചാക്കുകള്‍ കാണിച്ച് എതിര്‍പാര്‍ട്ടിയില്‍ നില്‍ക്കുന്നവരെ ചാക്കിട്ടുപിടിക്കാനിറങ്ങുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിനു തുല്യമാണ്. ജനങ്ങളില്‍ ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലുമുള്ള വിശ്വാസം ഇല്ലാതാക്കാനേ ഇത് ഉപകരിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."