തിരുന്നാവായ ബന്തര്‍ക്കടവില്‍ വിനോദ- വിജ്ഞാന ടൂറിസം പദ്ധതി വരുന്നു
തിരൂര്‍: തിരുന്നാവായ ബന്തര്‍ക്കടവില്‍ വിനോദ- വിജ്ഞാന ഉപാധികളോടെയുള്ള കോടികണക്കിന് രൂപയുടെ ടൂറിസം പദ്ധതി വരുന്നു. തിരുന്നാവായയുടെയും തിരൂരിന്റെയും ചരിത്ര പശ്ചാത്തലം പുതുതലമുറയ്ക്ക് മുന്നില്‍ ആകര്‍ഷണീയമാംവിധം അവതരിപ്പിക്കാനും വിനോദവും വിജ്ഞാനവും ഉതകുന്ന അത്യാധുനിക സംവിധാനങ്ങള്‍ നടപ്പാക്കുനുമുള്ള പദ്ധതികളാണ് ബന്തര്‍ക്കടവില്‍ ആലോചിക്കുന്നത്. സി മമ്മൂട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ടൂറിസം വകുപ്പില്‍ നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് പ്രാരംഭഘട്ടത്തില്‍ 10 കോടി രൂപവരെ പദ്ധതിക്കായി ഉപയോഗപ്പെടുത്താനാണ് ധാരണ. 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടാണ് ഭാരതപുഴയോരത്തെ ബന്തര്‍ക്കടവിലെ അഞ്ച് ഏക്കറില്‍ പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെയും ജില്ലയ്ക്ക് പുറത്തുള്ളവരുടെയും വിദേശ സഞ്ചാരികളുടെയും വിനോദ സഞ്ചാര താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ മുന്നോടിയായി പദ്ധതി ചുമതലയുള്ള സി.എര്‍ത്ത് കണ്‍സല്‍ട്ടന്‍സിയിലെ ആര്‍ക്കിടെക്റ്റുകളായ അജയ് കൊപ്പം, ധീരജ് കണ്ണൂര്‍, ജ്യോതി കോഴിക്കോട്, നയന തലശ്ശേരി എന്നിവര്‍ സി. മമ്മൂട്ടി എം.എല്‍.എ, തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി എന്നിവര്‍ക്കൊപ്പം ഇന്നലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
പദ്ധതി പ്രവൃത്തി എത്രയും വേഗത്തില്‍ തുടങ്ങാനാണ് തീരുമാനമെന്ന് എം.എല്‍.എ പറഞ്ഞു. സി.എര്‍ത്ത് കണ്‍സല്‍ട്ടന്‍സി പ്രൊജക്ട് തയാറാക്കി നല്‍കുന്നതോടെ നടപടികളാരംഭിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."