എലമ്പ്രയിലെ സ്കൂള്‍; തുടര്‍ നടപടി വൈകിപ്പിക്കരുതെന്ന് കോടതി
മഞ്ചേരി: നഗരസഭയിലെ എലമ്പ്ര പ്രദേശത്ത് പ്രാഥമിക സ്കൂളെന്ന കാലങ്ങളായുള്ള ആവശ്യം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി. എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസി നല്കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. സ്കൂള്‍ സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുകയും മഞ്ചേരി നഗരസഭ സ്കൂള്‍ കെട്ടിടം പണിയാന്‍ ഒരുക്കമായിട്ടും തുടര്‍നടപടി വൈകിപ്പിക്കുകയുമാണന്നു കാണിച്ചാണ് പരാതി നല്‍കിയിരുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി എലമ്പ്രക്കാരുടെ പ്രാഥമിക സ്കൂളെന്ന ആവശ്യത്തിനുമേലുള്ള തുടര്‍ നടപടികള്‍ ഇപ്പോഴും കൈകൊണ്ടിട്ടില്ല. യുഡി.എഫ് ഭരണകാലത്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജില്ലാകലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന് എന്നിവരുള്പെടെയുള്ളവര്ക്ക് ഇതുസംബന്ധമായി പ്രദേശവാസികള്‍ പരാതികള്‍ നല്‍കിയിരുന്നു.
പിന്നീട് ബാലാവകാശ കമ്മീഷന് എലമ്പ്ര സന്ദര്‍ശിക്കുകയും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ കൈകൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സ്കൂള്‍ വരുന്നതും കാത്ത് ഒരേക്കര്‍ സ്ഥലം വാങ്ങി പ്രദേശത്തുകാരുടെ കാത്തിരിപ്പു തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടുകാര്‍ പിരിവെടുത്താണ് സ്കൂള്‍ കെട്ടിടം വരുമെന്ന പ്രതീക്ഷയില്‍ സ്ഥലം സജ്ജമാക്കിയിരുന്നത്. എലമ്പ്രയിലുള്ള കുരുന്നുകള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നേടണമെങ്കില്‍ നിലവില്‍ മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്ത് ചെറുകുളം, തോട്ടുപൊയില്‍ അതല്ലങ്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ച് ചെറാങ്കുത്ത് പോലെയുള്ള പ്രദേശങ്ങളിലെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."