മുളക്പൊടി വിതറി പണവും സ്വര്‍ണവും കവര്‍ന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
ബദിയഡുക്ക: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടി വിതറി 15പവനും പണവും തട്ടിയെടുത്തുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബദിയഡുക്ക എസ്.ഐ മെല്ബിന് ജോസ് പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ സീതാംഗോളി ബപെര്ള റോഡില്‍ ഓണിബാഗിലുവിലെ പജ്ജാനയിലെ വിജനമായ സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. പെര്‍ള അമേക്കളയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണവും പണവും കവര്‍ന്നുവെന്നാണ് മൊഗ്രാല്‍ നടുപള്ളത്തെ അബ്ദുള്‍ സുഹൈബ് (24) പൊലിസിനു മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് ബദിയഡുക്ക പൊലിസ് കേസെടുത്തത്. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ അക്രമം നടന്നതായി പറഞ്ഞ സമയത്ത് അത്തരമൊരു ബൈക്ക് അതു വഴി കടന്നുപോയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, സംഭവം സംബന്ധിച്ച് വാട്ട്സ് ആപില്‍ സന്ദേശങ്ങളും പൊലിസിനു ലഭിച്ചു. തുടര്‍ന്ന് സുഹൈബിനെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കെട്ടിച്ചമച്ചതാണെന്നു വ്യക്തമായത്.
പെര്‍ള അമെക്കളയിലെയുള്ള സഹോദരിയുടെ ഭര്‍ത്താവ് ഖത്തറിലായിരുന്നു. അടുത്തിടെയാണ് അവധിയില്‍ നാട്ടിലെത്തിയത്. സ്വര്‍ണം എവിടെയെന്ന് ചോദിച്ചപ്പോഴാണ് സഹോദരനു പണയം വെക്കാന്‍ നല്‍കിയതായി അറിയിച്ചത്. തുടര്‍ന്ന് സ്വര്‍ണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ വില്പന നടത്തിയിരുന്നുവെന്നും തിരിച്ചു നല്കാന് കഴിയാത്തതിനാലാണ് ഇത്തരമൊരു കള്ളക്കഥ കെട്ടിച്ചമച്ചതാണെന്നും സുഹൈബ് മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."