നിര്‍ദിഷ്ട ആര്‍.ടി ഓഫിസ്: സി.പി.എം മൗനം വെടിയണമെന്ന് പ്രാദേശിക നേതൃത്വം
നീലേശ്വരം: മലയോര മേഖലയുടെ വാണിജ്യ കേന്ദ്രമായ പരപ്പയില്‍ സ്ഥാപിക്കുമെന്ന് സി.പി.എം ആണയിട്ടു പറഞ്ഞിരുന്ന നിര്‍ദിഷ്ട ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ടിലേക്കു മാറ്റി സ്ഥാപിക്കാന്‍ സി.പി.ഐ ശ്രമിക്കുന്നുവന്ന ആരോപണം നിലനില്‍ക്കേ ഇടതുമുന്നണിയില്‍ പുതിയ വിവാദം. സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ ദുരൂഹമായ മൗനം തുടരുന്നതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. പരപ്പയുടെ വികസനത്തിന് ഏറെ പ്രയോജനകരമാവുന്ന ആര്‍.ടി ഓഫിസ് പരപ്പയില്‍ തന്നെ വേണമെന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
പരപ്പയ്ക്കടുത്ത് പുലിയംകുളം എന്ന സ്ഥലത്ത് ടെസ്റ്റിങ് ഗ്രൗണ്ടും 12 കിലോമീറ്റര്‍ അകലെ വെള്ളരിക്കുണ്ടില്‍ ആര്‍.ടി ഓഫിസും അനുവദിക്കുന്നതിനായിരുന്നു മന്ത്രി തലത്തില്‍ അനുമതിയായത്. എന്നാല്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി സി.പി.എം പരപ്പ ബ്രാഞ്ച് കമ്മിറ്റി പ്രത്യേക യോഗം ചേരുകയും നീലേശ്വരം ഏരിയാ കമ്മിറ്റി സെക്രട്ടറി തന്നെ ആര്‍.ടി ഓഫിസ് അനുവദിക്കുന്നില്ലെങ്കില്‍ ജില്ലയിലെ ഇടതു മുന്നണി സംവിധാനം തന്നെ ഇല്ലാതാകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിനു അനുകൂലമായ റിപ്പോര്‍ട്ട് മന്ത്രിതല യോഗം റദ്ദ് ചെയ്യുകയും ചെയ്തു. ഇപ്പോളും ആര്‍.ടി ഓഫിസ് എവിടെ സ്ഥാപിക്കണമെന്ന് അന്തിമ റിപ്പോര്‍ട്ടായിട്ടില്ല.
പരപ്പയില്‍ ആര്‍.ടി ഓഫിസ് അനുവദിക്കുന്നതിനെതിരേ വെള്ളരിക്കുണ്ട് മങ്കയത്തെ ഒരു കോണ്‍ഗ്രസ് നേതാവും കെട്ടിടമുടമയുമായ പ്രമുഖന്റെ നേതൃത്വത്തിലുള്ള ലോബി രംഗത്തെത്തുകയും റവന്യു വകുപ്പിനെ വിലയ്‌ക്കെടുക്കുകയുമായിരുന്നുവെന്നും സി.പി.ഐ ജില്ലാ നേതൃത്വം അതിനെ തുണയ്ക്കുകയുമായിരുന്നുവെന്നാണ് സി.പിഎം ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ റവന്യുമന്ത്രിയെന്ന നിലയിലും സ്ഥലം എം.എല്‍.എ എന്ന നിലയിലും സി.പി.ഐയുടെ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ എടുക്കേണ്ട തീരുമാനങ്ങളെല്ലാം പരപ്പയ്ക്ക് അനുകൂലമായി എടുത്തിട്ടുണ്ടെന്നാണ് സി.പി.ഐയുമായി ബന്ധപ്പട്ടവര്‍ പറയുന്നത്.
പരപ്പ മണ്ഡലം കമ്മിറ്റിയുംജില്ലാ കമ്മിറ്റിയും ഇക്കാര്യത്തില്‍ ആശങ്കക്കു വകയില്ലാത്ത വിധത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.ഐ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ഗതാഗത വകുപ്പില്‍ നിന്ന് അനുകൂലമായ തീരുമാനംഇതുവരെയും ഉണ്ടായിട്ടില്ല. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വം ശക്തമായി ഇടപെട്ടാല്‍ ഗതാഗത വകുപ്പു മന്ത്രി വഴങ്ങുമെന്നാണ് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം കരുതുന്നത്. ചില എന്‍.ജി.ഒ നേതാക്കള്‍ ഇക്കാര്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയെ വഴി തെറ്റിക്കുകയാണെന്നും പ്രാദേശിക നേതൃത്വം കരുതുന്നു.
ഇനി സി.പി.ഐ എതിര്‍ത്താല്‍ തന്നെ ആളും അര്‍ഥവും കമ്മിറ്റിയും നിലവില്ലാത്ത ഒരു ചെറിയ പാര്‍ട്ടിയുടെ എതിര്‍പ്പിനു മുന്നില്‍ വഴങ്ങി കൊടുക്കേണ്ട കാര്യമില്ലെന്നും പ്രാദേശികനേതൃത്വം കരുതുന്നു. സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിസംഗത മാറ്റി ആര്‍.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരും വിവിധ കക്ഷികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."