വേങ്ങരയിലെ ഗതാഗതക്കുരുക്ക്; സര്‍വകക്ഷി യോഗം ചേര്‍ന്നു
വേങ്ങര: ടൗണിലും പരിസരങ്ങളിലും മാസങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേങ്ങരയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. വേങ്ങര പൊലിസ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സഹകരണത്തോടെ ബസുടമള്‍, മോട്ടോര്‍ തൊഴിലാളി, രാഷ്ട്രിയ പാര്‍ട്ടി പ്രതിനികള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേര്‍ന്നത്.
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരേയും ജലനിധി പദ്ധതി അധികൃതര്‍ക്കെതിരേയും രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ജലനിധിക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ലെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
റോഡ് വികസനമാണ് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ഏക പരിഹാരമെന്നും ടൗണില്‍ ഐറിഷ് മോഡല്‍ പരിഷ്‌കാരം കൊണ്ടു വരണമെന്നും ആവശ്യമുണ്ടായി. ബ്ലോക്ക് റോഡ് ജങ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കും. ജലനിധിക്കു വേണ്ടി വെട്ടിപ്പൊളിച്ച പഞ്ചായത്തിലെ 33 റോഡുകള്‍ നവീകരിക്കുന്നതിനുളള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് കോടി രൂപ ചെലവില്‍ വിവിധ റോഡുകള്‍ നവീകരിക്കും.
നാലു മാസത്തിനുളളില്‍ എല്ലാ നവീകരണ ജോലികളും പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വഴിക്കടവ് -പരപ്പനങ്ങാടി സംസ്ഥാന പാതയുടെ വികസനം പുരോഗമിക്കുന്നുണ്ടെന്നും ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ കോപറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണെന്നും അവരുടെ അനുമതിയില്ലാതെ ഈ റോഡില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍ പ്രശാന്ത് പറഞ്ഞു.
ഊരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി സമദ് അധ്യക്ഷനായി. പി.ടി അബ്ദുറഹ്മാന്‍ ഹാജി, എം.കെ സൈനുദ്ദീന്‍, ബസ് ഓപറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ. ആലി, വിവിധ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാക്കളായ പി.കെ അബൂതാഹിര്‍, എം.എ അസീസ്, സി. വേലായുധന്‍, സി. ഫൈസല്‍, എന്‍.പി ഹനീഫ എന്നിവരും എം.എല്‍.എയുടെ പ്രതിനിധി അസീസ് പഞ്ചിളി, എ.കെ.എ നസീര്‍, വേങ്ങര ഗോപി, പൂച്ചേങ്ങല്‍ അലവി, പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ.ഗംഗാധരന്‍, എ.എസ്.ഐ ഷജീഷ്, എ.കെ സലിം, പി. പത്മനാഭന്‍, ടി.കെ കുഞ്ഞുട്ടി, എം.കെ റസാഖ്, പുല്ലമ്പലവന്‍ ഖമറുദ്ദീന്‍, ശിവന്‍, ശ്രീകുമാര്‍, പുല്ലമ്പലവന്‍ ബാവ, ടി.കെ മമ്മത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."