അരുണാചലിലെ ആറ് സ്ഥലങ്ങള്‍ ചൈന പുനര്‍നാമകരണം നടത്തി
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ ആറു പ്രദേശങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്ത് പ്രകോപനവുമായി ചൈന. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈനയുടെ ഭാഗത്തു നിന്ന് പുതിയ വിവാദ തീരുമാനമുണ്ടായത്. അരുണാചലിലെ ആറു സ്ഥലങ്ങളിലെ പുനര്‍നാമകരണം തങ്ങളുടെ നിയമമനുസരിച്ച് ന്യായമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റോമന്‍ അക്ഷരമാലയനുസരിച്ചുള്ള വോഗാനലിങ്, മിലാറി, ക്വയ്ദന്ഗാര്ബോറി, മായിന്ക്വുക, ബ്യൂമോ ലാ, നാംകാപുബ്റി എന്നീ പേരുകളാണ് ചൈന ഔദ്യോഗികമായി അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് നല്‍കിയത്. ഒന്‍പത് ദിവസം നീണ്ടു നിന്ന ദലൈലാമയുടെ സന്ദര്‍ശനത്തെ ചൈന ശക്തമായി വിമര്‍ശിച്ചിരുന്നു. ചൈനയില്‍ വിഭജനത്തിനും തീവ്രവാദത്തിനും കൂട്ടു നില്ക്കുന്ന ലാമക്ക് തര്‍ക്ക പ്രദേശത്ത് സന്ദര്‍ശിക്കാന്‍ ഇന്ത്യ സൗകര്യം ഒരുക്കുന്നതിലൂടെ ചൈനീസ് വിരുദ്ധര്‍ക്ക് സഹായം നല്‍കുന്നതിന് തുല്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."