സ്‌കൂളടച്ചേ... ഇനി അവധിക്കാലം
തിരുവനന്തപുരം: വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കായി അടച്ചു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ബുധനാഴ്ചയും എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ചയും തീര്‍ന്നിരുന്നു. മറ്റു ക്ലാസുകളിലെ പരീക്ഷകള്‍ ഇന്നലെ പൂര്‍ത്തിയാക്കിയാണ് രണ്ടുമാസത്തെ വേനലവധിക്കായി പൊതുവിദ്യാലയങ്ങള്‍ അടച്ചത്.
അടുത്ത വര്‍ഷത്തേക്ക് ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള പുസ്തകം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പൂട്ടുംമുമ്പ് ലഭ്യമാക്കി. അടുത്ത വര്‍ഷം 200 അധ്യായന ദിനങ്ങള്‍ ഉറപ്പാക്കുന്നതും പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി തീര്‍ക്കുന്നതുമായ 2019 -20 അധ്യാന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറും സര്‍ക്കാര്‍ പുറത്തിറക്കി. മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസ കലണ്ടര്‍ അച്ചടിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചെത്തിച്ചതിന് പിന്നാലെ അടുത്തവര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളും അച്ചടിച്ച് ഡിപ്പോകളിലെത്തിച്ചു. 63 ടൈറ്റിലുകളിലായി 3954426 പുസ്തകങ്ങളാണ് ഹയര്‍സെക്കന്‍ഡറിക്ക് അടുത്ത വര്‍ഷം പുതുതായി ആവശ്യമായി വരുന്നത്. ഇവയില്‍ 2, 22, 552 പുസ്തകങ്ങളും അച്ചടിച്ച് ഡിപ്പോകളിലെത്തിച്ച് വിതരണം തടുങ്ങി.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായുള്ള ക്യാംപുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 110 മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് ആയി 20000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. 9.7 ലക്ഷം വിദ്യാര്‍ഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."