വന്ദേഭാരത് വിമാനത്തില്‍ വരാനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കേരളം തീരുമാനം മാറ്റിയില്ലെങ്കില്‍ കേരളത്തിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കേന്ദ്രം
ന്യൂദല്‍ഹി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള പ്രവാസികള്‍ക്ക് മാത്രം വന്ദേഭാരത് വിമാനത്തിലും ടിക്കറ്റ് അനുവദിച്ചാല്‍ മതിയെന്ന തീരുമാനം മാറ്റിയില്ലെങ്കില്‍ കേരളത്തിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണ്ടി വരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നേരത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രമായിരുന്നു കോവിഡ് സര്‍ട്ടിഫിക്കറ്റ് കേരളം നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം കേരളത്തിലേക്ക് വരുന്ന ഓരോ പ്രവാസികളും കോവിഡ് നെഗറ്റീവ് ഉള്ളവരായിരിക്കണം. ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കയിപ്പോഴും കനത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതിനിടെയാണ് വന്ദേഭാരത് വിമാനത്തിലും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം വന്നത്.
വന്ദേഭാരത് മിഷന്‍ വഴി ഉള്‍പ്പെടെ സംസ്ഥാനത്തേക്കു വരുന്ന പ്രവാസികള്‍ക്കു കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കു കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ്, വന്ദേഭാരത് മിഷനിനും ഇതു ബാധകമാക്കിയുള്ള തീരുമാനം. ആയിരം രൂപ നിരക്കുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയാലും മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം.
രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒരേ വിമാനത്തില്‍ കൊണ്ടുവന്നാല്‍ കേരളത്തില്‍ രോഗം പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന് പ്രവാസി സംഘടനടകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ടെസ്റ്റ് നടത്താന്‍ സൗകര്യം ഒരുക്കാതെ അതു നിര്‍ബന്ധമാക്കുന്നത് പ്രവാസികളോടു ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു വിമര്‍ശനം.
ഈ മാസം വിദേശത്തുനിന്ന് ഏതാണ്ട് രണ്ടു ലക്ഷം പേര്‍ എത്തുമെന്നാണു കണക്കാക്കുന്നത്. ഇതിനകം 812 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ വന്ദേഭാരത് മിഷന്‍ വഴി 360 വിമാനങ്ങളുടെ സര്‍വിസും ഉണ്ടാകും. ഇതുവരെ വിദേശത്തുനിന്നു വന്നവരിലെ രോഗബാധ പരിശോധിക്കുമ്പോള്‍ ഒരു വിമാനത്തില്‍ മൂന്നു ശതമാനം വൈറസ് ബാധിതര്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒരുമാസത്തിനുള്ളില്‍ രണ്ടു ലക്ഷം പേര്‍ എത്തുമ്പോള്‍ 6,000 രോഗികളെ ചികിത്സിക്കേണ്ടിവരും. വിമാനത്തിലും പുറത്തും ഇവരുമായി സമ്പര്‍ക്കത്തിലാകുന്നവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയിലേറെയാകും. ഇത്രയും പേരെ ഒരുമിച്ചു ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്തില്ല. ഇതാണു സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."