ചൈനയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം: ചെന്നിത്തല
തിരുവനന്തപുരം: ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണം രാജ്യത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈനികരുടെ വീരമൃത്യു അത്യന്തം വേദനാജനകമാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യസ്‌നേഹത്തിന്റെ കുത്തക തങ്ങള്‍ക്ക് മാത്രമാണ് എന്ന് നിരന്തരം അവകാശവാദമുന്നയിക്കുന്ന മോദി സര്‍ക്കാര്‍ ഇരുപത് പട്ടാളക്കാരുടെ മരണത്തെ കുറിച്ചോ അതിനിടയാക്കിയ സംഘര്‍ഷത്തെക്കുറിച്ചോ പാലിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരവും അപലനീയവുമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗാല്‍വാന്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപതോളം സൈനികര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. അതോടൊപ്പം സംഘര്‍ഷാവസ്ഥയില്‍ അയവ് വരാത്തത് ആശങ്കയുണ്ടാക്കുന്നു. ലോകം മുഴുവന്‍ ഒരു ദുരന്തത്തെ ഒന്നായി നേരിടുമ്പോള്‍, ഇന്ത്യന്‍ മേഖലയില്‍ കടന്നുകയറി സംഘര്‍ഷം സൃഷ്ടിക്കുന്ന ചൈനയുടെ നടപടി അത്യന്തം അപലപനീയമാണ്. അത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിട്ടുവേണം കാണാന്‍.
ലോകത്തില്‍ ആകെയും, ഏഷ്യയില്‍ പ്രത്യേകിച്ചും അപ്രമാദിത്വം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക് എക്കാലവും വെല്ലുവിളി ഉയര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ജനാധിപത്യ രാജ്യമെന്ന നിലയില്‍ യൂറോഅമേരിക്കന്‍ ശക്തികള്‍ക്കു കൂടുതല്‍ താല്പര്യം ഇന്ത്യയോട് ആണ് എന്നുള്ളത് ചൈനയെ നിരന്തരം അലോസരപ്പെടുത്തുമുണ്ട്. മാല്‍ഡീവ്‌സ്, ശ്രീലങ്ക തുടങ്ങിയ നമ്മുടെ തൊട്ടയല്‍ രാജ്യങ്ങളിലെല്ലാം തന്നെ ചൈനയുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനം ദൃശ്യമാണ്. ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ക്കു പോലും അവസരം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യ സര്‍ക്കാരാണ് ചൈനയുടേത്. ഇത് മനസിലാക്കി വേണം ചൈനയുമായി ഇടപെടാന്‍ എന്ന വസ്തുത മോദി സര്‍ക്കാര്‍ സൗകര്യപൂര്‍വം വിസ്മരിച്ചിരിക്കുന്നു .
ഇത്തരം ഒരു സാഹചര്യത്തിലേക്ക് ഇന്ത്യയെ നയിച്ചതില്‍ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പങ്ക് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ സംഘര്‍ഷമാണ് ഗാല്‍വാന്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ലോകനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന് നിരന്തരം അവകാശവാദം ഉന്നയിക്കുന്ന മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ ഇതിനോടകം 18 തവണയാണ് കണ്ടിരിക്കുന്നത്. 2019ല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രം 3 തവണയാണ് കൂടികാഴ്ച നടന്നത്. ഈ കൂടികാഴ്ചകള്‍ക്ക് ഇന്ത്യ ചൈന ബന്ധത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ദക്ഷിണ ചൈന കടല്‍, വണ്‍ ബെല്‍റ്റ് വണ്‍ റോഡ്, ചൈന പാക് സാമ്പത്തിക ഇടനാഴി (ഇത് പാക് അധീന കാശ്മീരില്‍ കൂടെ കടന്നു പോകുന്നതാണ്) എന്നീ വിഷയങ്ങളില്‍ ഒന്നും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് മാറ്റമോ, ഇന്ത്യയുടെ ആശങ്ക അകറ്റാനുള്ള ശ്രമങ്ങളോ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത്.
നിലവില്‍ ചൈന കയ്യേറാന്‍ ശ്രമിക്കുന്ന കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ മേഖല ഇന്ത്യയെ സംബന്ധിച്ച് അതീവ തന്ത്രപ്രധാനമാണ്. ലഡാക്കിന്റെ തലസ്ഥാനമായ ലേ മേഖലയെ ഇന്തോചൈന അതിര്‍ത്തിയിലെ ഇന്ത്യയുടെ അവസാന സൈനീക കേന്ദ്രമായ ബെഗ് ഓള്‍ഡി മിലിറ്ററി പോസ്റ്റുമായി ബന്ധിപ്പിക്കുന്ന ഉടഉആഛ എന്ന നിര്‍ണായക പാതയെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിലയിലാണ് ചൈന ഇപ്പോള്‍ താവളമുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍വ സ്ഥിതിയില്‍ എത്തിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.
രാജ്യസ്‌നേഹത്തിന്റെ കുത്തക തങ്ങള്‍ക്ക് മാത്രമാണ് എന്ന് നിരന്തരം അവകാശവാദമുന്നയിക്കുന്ന മോദി സര്‍ക്കാര്‍ ഇരുപത് പട്ടാളക്കാരുടെ മരണത്തെ കുറിച്ചോ അതിനിടയാക്കിയ സംഘര്‍ഷത്തെക്കുറിച്ചോ പാലിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരവും അപലപനീയവുമാണ്.
https://www.facebook.com/rameshchennithala/posts/3238456949546122?__xts__[0]=68.ARBNUgN74-Uyqn5ZGhmC67QrEqQ-zs5nh_3_6qW3xqdq7uNto_ureYEDu6zYYKEEEHyOSTGSsbph77KRHJPOhhmxhQdpQYuvLF-OkP98YqB3QNIXEBWK9pXkqvrsJFzbsTKwtGIx-DjSsMasofS_1TR7CWWWgrXEOBnBYOcPrfV2qgw3T1MR5LuBMLk9XH60PbA7WdO_p0-BjqVMCmoiW__vChNz4rzfl6wtcZ1kX6hnji1drJNSVNphrw31NIE6IAlqXQ0GGPW8vjohguycGGpcR40U5oMhNnKT70Ky-Lwe8UIC58_-dES5VGUNQsqhyc_vBumSm0aaF9bgZ2x3XQ&__tn__=-R
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."