കുടിശ്ശിക 20 ലക്ഷം; മില്‍മ ജില്ലാ ആശുപത്രിയിലേക്കുള്ള പാല്‍ വിതരണം നിര്‍ത്തി
മാനന്തവാടി: ലക്ഷങ്ങള്‍ കുടിശ്ശികയായതോടെ ജില്ലാ ആശുപത്രിയിലേക്കുള്ള പാല്‍ വിതരണം മില്‍മ നിര്‍ത്തി.
ഇതോടെ രോഗികള്‍ക്കുള്ള പാല്‍ വിതരണം നിലച്ചു. ലക്ഷങ്ങള്‍ നല്‍കാനുള്ളതിനാല്‍ മറ്റ് പോഷകാഹാരങ്ങളുടെ വിതരണവും നിലക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2016 ഡിസംബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ ജില്ലാ ആശുപത്രിയില്‍ പാല്‍ നല്‍കിയ വകയില്‍ മില്‍മക്ക് 20,55,978 രൂപയാണ് നല്‍കാനുണ്ട്. നിരവധി തവണ മില്‍മ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് പണം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മില്‍മ പാല്‍ വിതരണം നിര്‍ത്തിവെച്ചത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് അരലിറ്റര്‍ അളവുള്ള രണ്ട് പാക്കറ്റും ജനറല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ഒരു പാക്കറ്റ് പാലുമാണ് നല്‍കി വന്നിരുന്നത്. മില്‍മക്ക് നല്‍കാനുള്ള കുടിശ്ശിക എപ്പോള്‍ നല്‍കാനാവുമെന്ന കാര്യത്തില്‍ ജില്ലാ ആശുപത്രി അധികൃതര്‍ക്കും വ്യക്തമായ ഉത്തരമില്ല.
ആരോഗ്യ വകുപ്പ് അധികൃതര്‍ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ മില്‍മക്ക് പണം നല്‍കാന്‍ കഴിയൂ എന്ന നിലപാടാണ് ആശുപത്രി അധിക്യതര്‍.
പാല്‍ വിതരണം നിലച്ചതിന് പിന്നാലെ ലക്ഷങ്ങള്‍ നല്‍കാനുള്ളതിനാല്‍ ജില്ലാ ആശുപത്രിയിലെ ബിസ്‌ക്കറ്റ്, മുട്ട, ബ്രൈഡ് എന്നിവയുടെ വിതരണവും അടുത്ത് തന്നെ നിലക്കുമെന്ന നിലയാണുള്ളത്.
2016 മുതല്‍ 2019 ഫെബ്രവരി വരെയുള്ള കാലയളവില്‍ ബ്രെഡ് നല്‍കിയ വകയില്‍ എറണാകുളം മോഡേണ്‍ ബ്രെഡ് കമ്പനിക്ക് 10,79,382 രൂപയും ബിസ്‌ക്കറ്റ് നല്‍കിയ വകയില്‍ 5,15,896 മാനന്തവാടി കല്‍പ്പക സ്റ്റോറിന് 5,15,896, രൂപയും മുട്ട നല്‍കിയ വകയില്‍ കല്‍പ്പകക്ക് തന്നെ 6,77,599 രൂപയും നല്‍കാനുണ്ട്. പണം നല്‍കിയില്ലെങ്കില്‍ ജില്ലാ ആശുപത്രിയിലെ പോഷകാഹാര വിതരണം പൂര്‍ണമായും നിലക്കുമെന്ന സ്ഥിതിയാണുള്ളത്. 2016 ഡിസംബര്‍ മുതല്‍ 2019 ഫിബ്രവരി വരെ ജില്ലാ ആസ്പത്രിയിലെ രോഗികള്‍ക്ക് പോഷകാഹാരം നല്‍കിയ വകയില്‍ പല കമ്പനികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമായി 43, 28,855, രൂപയാണ് നല്‍കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."