സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം പദ്ധതിയിലൂടെ ഒന്നരലക്ഷം പേര്‍ക്ക് കുടിവെള്ളം
പാലക്കാട്: തരൂര്‍ - ആലത്തൂര്‍ മണ്ഡലങ്ങളിലെ വണ്ടാഴി, വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്തുകളില്‍ മംഗലം ഡാം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് ഇന്ന് ഉദ്ഘാടനം ചെയ്യും. മംഗലം ഡാം ജങ്ഷനില്‍ രാവിലെ 11 നടക്കുന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാവും.
രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി 1,53,350 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിലാണ് വിഭാവനം ചെമയ്തിട്ടുള്ളത്. ഇതിന്റെ ആദ്യ ഘട്ടം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചും രണ്ടാം ഘട്ടം കിഫ്ബിയുടെ സഹായത്തോടെയുമാണ് നടപ്പാക്കുന്നത്.
114.95 കോടി രൂപയാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ ചെലവ്. ആദ്യ ഘട്ടത്തിലെ 19.95 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ഭാഗമായാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 17.95 കോടിയുടെ നിര്‍മാണം ആദ്യ ഭാഗത്തില്‍ നടത്തും. മംഗലം ഡാം സ്റ്റാര്‍ ബംഗ്ലാവിനു സമീപം 24.50 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും 24.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, 68 എച്ച്.പി. ക്ലിയര്‍ വാട്ടര്‍ മോട്ടോര്‍ പമ്പ് സെറ്റ്, സബ് സ്‌റ്റേഷന്‍ നിര്‍മാണം, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍ എന്നിവ ആദ്യ ഭാഗത്തില്‍ നടത്തും. രണ്ടാം ഭാഗത്തില്‍ രണ്ട് കോടി ചെലവഴിച്ച് മംഗലം ഡാമില്‍ നിന്ന് വെള്ളമെടുക്കാനുള്ള ഇന്‍ടേക്ക് ബ്രിജ്, കണ്‍ട്രോള്‍ റൂം, റോ വാട്ടര്‍ പമ്പ് സെറ്റ്, റോ വാട്ടര്‍ പമ്പിങ് മെയിന്‍ തുടങ്ങിയവ സ്ഥാപിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടം കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. 75 കോടി ചെലവ് വരുന്ന രണ്ടാം ഘട്ടത്തില്‍ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നാല് പഞ്ചായത്തുകളിലും ഉന്നതതല ജലസംഭരണികള്‍ സ്ഥാപിക്കും. ഗ്രാവിറ്റി മെയിന്‍, ക്ലിയര്‍ മെയിന്‍, ശുദ്ധ ജല പമ്പിങ് മെയിന്‍, ബൂസ്റ്റര്‍ പമ്പ് ഹൗസ്, വിതരണ ശൃംഖല എന്നിവയും പൂര്‍ത്തിയാക്കും.
ആലത്തൂര്‍ എം.പി പി.കെ. ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ മുഖ്യാതിഥികളാവും. കേരള വാട്ടര്‍ അതോറിറ്റി എം.ഡി ഡോ. എ. കൗശിഗന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ആലത്തൂര്‍ എംഎല്‍എ കെ.ഡി. പ്രസേനന്‍, മുന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.ഇ. ഇസ്മയില്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കേരള വാട്ടര്‍ ബോര്‍ഡ് അംഗം അഡ്വ. വി.മുരുകദാസ്, ടെക്‌നിക്കല്‍ അംഗം ടി. രവീന്ദ്രന്‍, പദ്ധതി പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."