നിഷാമിന്റെ ഫോണ്‍വിളി: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി നിഷാമിന് സഹോദരങ്ങളുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് നിരീക്ഷിച്ചു. സാമ്പത്തിക ഭദ്രതയുള്ള പ്രതി ഇപ്രകാരം പ്രവര്‍ത്തിച്ചതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അഴിമതിയും അനാസ്ഥയും ഉണ്ടായതായും കമ്മിഷന്‍ കണ്ടെത്തി. കമ്മിഷന്‍ ജയില്‍വകുപ്പ് മേധാവിയില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
നിഷാമിനെ അതീവ സുരക്ഷയുള്ള പത്താംബ്ലോക്കിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവിടം സി.സി.ടി.വി നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതിലിനു പുറത്തുകൂടി ജയിലില്‍ നിരോധിക്കപ്പെട്ട സാധനങ്ങള്‍ നിഷാമിന് എറിഞ്ഞുകൊടുക്കുന്നതു ശ്രദ്ധയില്‍പെട്ടെന്നും ഇതിനു ശേഷം ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മറ്റൊരു കേസില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതിയില്‍ കൊണ്ടുപോകുമ്പോഴാണ് അകമ്പടി പൊലിസുകാരുടെ കണ്ണുവെട്ടിച്ച് നിഷാം സുഹൃത്ത് ഷിബിന്റെ ഫോണില്‍ സഹോദരങ്ങളെ രണ്ടുതവണ വിളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അകമ്പടി പൊലിസുകാരുടെ കണ്ണുവെട്ടിച്ച് സുഹൃത്തിന്റെ ഫോണില്‍ നിഷാം സഹോദരങ്ങളെ വിളിച്ചുവെന്ന റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയെ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കൃത്യനിഷ്ഠ അകമ്പടിപോയ ഉദ്യോഗസ്ഥര്‍ കാണിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു. അകമ്പടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുള്ളതായും കമ്മിഷന്‍ കണ്ടെത്തി. വിശദമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടിയുടെ വിശദ വിവരം മൂന്നു മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ജയില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."