രോഗശാന്തിക്കായി പൂജ; 60 പവന്‍ തട്ടിയയാള്‍ പിടിയില്‍
പുതുക്കാട്: രോഗശാന്തിയും സുഖജീവിതവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് പൂജനടത്തി സ്വര്‍ണവും പണവും തട്ടിയെടുത്തയാള്‍ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല വളമംഗലം രാജേഷാ (33)ണ് അറസ്റ്റിലായത്.
ചെങ്ങാലൂര്‍, എസ്.എന്‍. പുരം ചിറ്റേയത്ത് വിശ്വംഭരന്റെ ഭാര്യ പുഷ്പ (68) യുടെ പരാതിയിലാണ് അറസ്റ്റ്. 2014 മുതല്‍ 2017വരെയുള്ള കാലയളവില്‍ പലപ്പോഴായിട്ടായിരുന്നു തട്ടിപ്പ്.
വീട്ടില്‍ ദുര്‍മരണങ്ങള്‍ ഒഴിവാക്കാനും അസുഖങ്ങള്‍ വരാതിരിക്കുവാനുമുള്ള പൂജകള്‍ക്ക് സ്വര്‍ണം ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
പരാതിക്കാരില്‍നിന്ന് 60 പവന്‍ സ്വര്‍ണവും 15000 രൂപയും തട്ടിയെടുത്തെന്ന് പൊലിസ് പറയുന്നു. ഓരോ തവണ പൂജചെയ്യുമ്പോഴും വീട്ടുകാരില്‍ നിന്ന് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു.
പൂജകഴിഞ്ഞിട്ടും സ്വര്‍ണം തിരികെ ലഭിക്കാതെ വന്നപ്പോള്‍ പരാതിക്കാരിയുടെ കുടുംബത്തിന് സ്വര്‍ണം തൊട്ടുകൂടാത്തതാണെന്നും അതിനാല്‍ ക്ഷേത്രത്തില്‍ പൂജിച്ചിരിക്കുകയാണെന്നുമായിരുന്നു മറുപടി.
കൊടകരയിലും പീച്ചിയിലും ക്ഷേത്രങ്ങളില്‍ പൂജാരിയായിരുന്നു പിടിയിലായ രാജേഷ്. കബളിപ്പിക്കപ്പെട്ട കുടുംബം പൊലിസില്‍ പരാതിനല്‍കിയതോടെ പൂജാരി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
കോയമ്പത്തൂര്‍, സേലം, മധുര, തേനി, തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ഇടുക്കിയിലെ കുമളിയില്‍ പൂജാരിയായി കഴിയുന്നതിനിടെയാണ് പൊലിസിന്റെ പിടിയിലായത്.
ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ചാലക്കുടി ക്രൈം സ്‌ക്വാഡ് എസ്.ഐ. വി.എസ്. വത്സകുമാര്‍, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജോ, ഷിജോ തോമസ്, എം.ഒ. സാജു എന്നിവരായിരുന്നു സംഘത്തില്‍.
തമിഴ്‌നാട് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
പ്രതിയില്‍ നിന്ന് ലഭിച്ച സൂചനപ്രകാരം 20 പവന്‍ സ്വര്‍ണം പൊലിസ് കണ്ടെടുത്തു. ചാലക്കുടി, കൊടകര എന്നിവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് ആഭരണങ്ങള്‍ ലഭിച്ചത്. പുതുക്കാട്, ആമ്പല്ലൂര്‍ എന്നിവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തും.
പുതുക്കാട് ചെവിടന്‍സ് സ്വര്‍ണ പണയ സ്ഥാപനത്തില്‍ ബുധനാഴ്ച പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. പ്രതി രാജഷ് തിരുവനന്തപുരത്ത് സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."