കുടിവെള്ള പദ്ധതിയുടെ മറവില്‍ ക്രമക്കേടെന്ന് ആരോപണം
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ കാക്കനാട് കുടിവെള്ള പദ്ധതിയുടെ മറവില്‍ ക്രമക്കേട് നടത്തുന്നതായി ആരോപണം .
ഹൗസ് കണക്ഷന്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ നടപ്പിലാക്കാത്ത ഗുണഭോക്തൃ കമ്മിറ്റി അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിയുയര്‍ന്നിരിക്കുകയാണ്.
2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ എരുമപ്പെട്ടി കാക്കനാട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഹൗസ് കണക്ഷനുകള്‍ നല്‍കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
ഒരു കണക്ഷന് 6000 രൂപയാണ് കമ്മിറ്റി ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. 1500 രൂപ ഡിപ്പോസിറ്റായി നിലനിര്‍ത്തുകയും 4500 രൂപ കരാറുകാരന് നല്‍കുകയുമാണ് ചെയ്യുന്നത്.
അതേ സമയം 2500 രൂപക്ക് കണക്ഷന്‍ നല്‍കാന്‍ മറ്റു കരാറുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ 2500 രൂപക്ക് കണക്ഷന്‍ നല്‍കാന്‍ തയ്യാറായവര്‍ക്ക് കരാറു നല്‍കാതെ അമിത തുക ഈടാക്കാന്‍ നിലവിലെ കരാറുകാരന് കമ്മിറ്റി കൂട്ട് നില്‍ക്കുകയാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്.
ക്വട്ടേഷന്‍ നടപടികള്‍ കൈകൊള്ളാന്‍ കമ്മിറ്റി തയ്യാറാകാത്തത് ക്രമക്കേട് നടത്താനാണെന്നും ആരോപണമുണ്ട്. ഇതിനെതിരേ ഗുണഭോക്താവായ മാരാമ്പുറത്ത് കബീര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷന് ഒരു ഗുണഭോക്താവില്‍ നിന്നും 2500 രൂപമാത്രമാണ് കരാറുകാരന് നല്‍കുന്നത്.
എന്നാല്‍ കാക്കനാട് കുടിവെള്ള പദ്ധതിക്ക് ഇരട്ടി തുക ഈടാക്കുമ്പോള്‍ വന്‍ സാമ്പത്തിക ചൂഷണമാണ് ഇതിന് പിന്നില്‍ നടക്കുന്നത്.
സാമ്പത്തിക ക്രമക്കേട് നടത്തി ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്ന തീരുമാനം റദ്ദാക്കണമെന്നും നിലവിലെ കമ്മിറ്റി പിരിച്ച് വിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."