തിങ്കളാഴ്ച എം.എല്‍.എമാര്‍ സെക്രേട്ടറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കും
കോഴിക്കോട്: പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രവാസി കുടുംബങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം മൂന്നു മണിക്ക് കലക്ടറേറ്റുകള്‍ക്കു മുന്നില്‍ മുസ്‌ലിംലീഗ് പ്രതിഷേധ സമരം സംഘടിപ്പിക്കും.
തിങ്കളാഴ്ച ലീഗ് എം.എല്‍.എമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കും. പ്രവാസികള്‍ ഒരിക്കലും നാട്ടിലെത്താതിരിക്കാനുള്ള വിദ്യകളാണ് കേരള സര്‍ക്കാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും ഗള്‍ഫിലെ സാഹചര്യത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാതെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വന്ദേഭാരത് ഉള്‍പ്പെടെ എല്ലാ വിമാനങ്ങള്‍ക്കും ബാധകമാക്കിയ മന്ത്രിസഭാ തീരുമാനമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
ഇന്ത്യയില്‍ ഒരു ഭരണകൂടവും വിദേശത്തെ സ്വന്തം ജനതയോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടില്ല. ഒരു കാരണവശാലും ഈ നീക്കം അനുവദിക്കില്ല. സര്‍ക്കാര്‍ തീരുമാനം തിരുത്തുന്നതു വരെ അതിശക്തമായ സമരപരിപാടികളുമായി മുസ്‌ലിംലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി കുടുംബങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് നാളെ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ സമരം നടക്കുക. ജനപ്രതിനിധികളും മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നേതാക്കളും ഇതിനു നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."