മെയ് ആദ്യവാരം ഇടുക്കിയില്‍ കൃത്രിമ മഴ പരീക്ഷണം അവസാനഘട്ടത്തില്‍
തിരുവനന്തപുരം: മെയ് ആദ്യവാരം ഇടുക്കി റിസര്‍വോയറിനു മുകളില്‍ കൃത്രിമ മഴ പെയ്തിറങ്ങും. വൈദ്യുതി ഉല്‍പാദനത്തെ സാരമായി ബാധിക്കുമെന്നു കണ്ടതിനാ ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആള്‍ പാര്‍പ്പില്ലാത്തിടത്ത് കൃത്രിമ മഴ പെയ്യിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചെലവാകുന്ന തുക മുടക്കുന്നത് കെ.എസ്.ഇ.ബിയാണ്.
ഐ.എസ്.ആര്‍.ഒയും പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്ററോളജിയും സംയുക്തമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. ഇതിന്റെ പരീക്ഷണവും ആരംഭിച്ചു. ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് കോടികള്‍ ചെലവിടേണ്ടി വരും. എന്നാല്‍ ചെലവ് കുറച്ച് കൃത്രിമ മഴ പെയ്യിക്കാമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഐ.എസ്.ആര്‍.ഒയുടെ സഹായം അഭ്യര്‍ഥിച്ചു. ഇതുപ്രകാരം ഡയറക്ടര്‍ ഡോ.കെ.ശിവന്‍ റഡാര്‍സേവനം നല്‍കാന്‍ സന്നദ്ധനാകുകയായിരുന്നു.
മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പറക്കുന്ന ഫ്‌ലെയര്‍ എന്ന ചെറുറോക്കറ്റുകളാണ് ഉപയോഗിക്കുക. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലെയറിന്റെ അഗ്ര ഭാഗത്ത് രാസവസ്തുക്കള്‍ ഘടിപ്പിച്ച് നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ താഴ്ന്നുപറക്കുന്ന മേഘങ്ങളില്‍ വിതറും. പത്തുമിനിറ്റിനകം മഴ പെയ്യും. സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, അമോണിയം നൈട്രേറ്റ്, കാല്‍സ്യം ക്ലോറൈഡ് എന്നിവ വിതറി മഴമേഘങ്ങളെ തണുപ്പിച്ചാണ് കൃത്രിമമഴ പെയ്യിക്കുന്നത്. 20തവണ ഫ്‌ലെയര്‍ ഉപയോഗിക്കാന്‍ അഞ്ചുലക്ഷം രൂപയാണ് ചെലവ്.
ഇടുക്കിയിലെ മഴമേഘങ്ങളെ രണ്ടാഴ്ചയായി ഐ.എസ്.ആര്‍.ഒ നിരീക്ഷിക്കുകയാണ്. റഡാര്‍ വിവരങ്ങള്‍ പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുന്നുണ്ട്. മഴമേഘങ്ങളാണോയെന്നും സാന്ദ്രത എത്രയാണെന്നുമുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൃത്രിമമഴ പെയ്യിക്കാന്‍ റോക്കറ്റുകള്‍ അയച്ചുതുടങ്ങും. ആന്ധ്രയിലെയും കര്‍ണാടകത്തിലെയും ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കും.
ഐ.എസ്.ആര്‍.ഒയുടെ 400 കിലോമീറ്റര്‍ പ്രദേശത്തെ മഴമേഘങ്ങള്‍ കണ്ടെത്താനുള്ള റഡാറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. റോക്കറ്റ് ട്രാക്കിങിനും കാലാവസ്ഥാ നിരീക്ഷണത്തിനുമായി രണ്ടുവര്‍ഷം മുന്‍പ് സ്ഥാപിച്ച റഡാറാണിത്. ഈ പരീക്ഷണം വിജയം കണ്ടാല്‍ കൊടും വരള്‍ച്ചയില്‍ കൃഷി നശിക്കുന്ന പാലക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അടുത്ത പരീക്ഷണം നടത്തും.
കൃത്രിമ മഴയ്ക്കായി സ്ഥിരം സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്രസാങ്കേതിക വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിമാനങ്ങളില്‍ രാസവസ്തുക്കള്‍ വിതറി വിസ്തൃതിയേറിയ പ്രദേശത്ത് കൃത്രിമ മഴപെയ്യിക്കുന്ന അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടുത്തി ആഗോള കരാര്‍ വിളിക്കാനുള്ള നടപടികളും വകുപ്പ് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."