ജി.വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മായം കലര്‍ത്തിയത് പ്രിന്‍സിപ്പലെന്ന് സംശയം
തിരുവനന്തപുരം : ജി.വി രാജ സ്്പോര്‍ട്സ് സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെ പ്രതിക്കൂട്ടിലാക്കി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഭക്ഷണത്തില്‍ പ്രിന്‍സിപ്പാള്‍ സി.എസ് പ്രദീപ് മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും അയാള്‍ തല്‍സ്ഥാനത്തു തുടര്‍ന്നാല്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനും കുട്ടികള്‍ക്ക് ജീവന് നഷ്ടമാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പാളിനെതിരേ വകുപ്പ്തല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കായിക വിഭ്യാഭ്യസ വകുപ്പിനും ഇന്‍ലിജന്‍സ് എ.ഡി.ജി.പിക്കുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രിന്‍സിപ്പാള്‍ കുട്ടികളെ ഉപയോഗിച്ച് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നുവെന്നാണ് പൊലിസിന്റെ സംശയം. ഇതിനു പുറമേ വിദ്യാര്‍ഥികളെയും ജീവനക്കാരെയും പ്രിന്‍സിപ്പാള്‍ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദീപ് പ്രിന്‍സിപ്പാളായി ചുമതലയേറ്റ ശേഷം 25 പേര് സ്ഥലംമാറ്റം വാങ്ങിപ്പോയെന്നും മറ്റു പലരും സ്ഥലമാറ്റത്തിനായി ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രിന്‍സിപ്പാള്‍ തയാറായില്ല. ഈ കഴിഞ്ഞ ജൂണ്‍ 18നാണ് ജി.വി രാജ സ്കൂളില്‍ ഏറ്റവുമൊടുവില്‍ ഭക്ഷ്യവിഷബാധയുണ്ടായത്. അന്ന് അറുപതോളം കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അഞ്ചുതവണ ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. ആറു വര്‍ഷത്തിനിടെ 2014ല്‍ ഒഴികെ എല്ലാ വര്‍ഷവും ഭക്ഷ്യവിഷബാധയുണ്ടായി. 2013ല്‍ ജൂലൈ 17, 2015 ജൂലൈ 18, 2016ല്‍ ജൂലൈ 29, 2017ല്‍ ഓഗസ്റ്റ് അഞ്ച് എന്നിങ്ങനെ തിയതികളിലാണ് സംഭവമുണ്ടായത്. എല്ലായിപ്പോഴും ഒരേ കാലയളവില്‍ ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ദുരൂഹമാണെന്നും സമഗ്രാന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."