ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസ വിപ്ലവം: സാമൂഹിക പഠനകേന്ദ്രങ്ങളെ നെഞ്ചേറ്റി കുട്ടികള്‍
തിരുവനന്തപുരം: ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് ആരംഭിച്ച സാമൂഹിക പഠന കേന്ദ്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത. ജില്ലയിലെ അഞ്ച് ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങളില്‍ വിദ്യ അഭ്യസിക്കാനെത്തുന്നത് ഊരുകളിലെ 150 കുട്ടികളാണ്.
കുറ്റിച്ചല്‍ പഞ്ചായത്തിലെ വാലിപ്പാറ, അമ്പൂരി പഞ്ചായത്തിലെ പുരവിമല, പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട്. വിതുരയിലെ തലതൂത്തക്കാവ്, പൊടിയക്കാല എന്നിവിടങ്ങളിലാണ് നിലവില്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 30 കുട്ടികള്‍ എന്നതാണ് കണക്ക്. ആദിവാസി ഊരുകളിലെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നുണ്ടെങ്കിലും ട്യൂഷന്‍, ലൈബ്രറി സംവിധാനം മുതലായ അധിക പഠനസഹായം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഊരുകളിലെ പല വീടുകളിലും അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാമൂഹിക പഠന കേന്ദ്രങ്ങള്‍ എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
പദ്ധതി പ്രകാരം വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് ലഘു ഭക്ഷണവും രാത്രികാല പഠന ക്ലാസും നല്‍കി ഒരു ബദല്‍ സ്‌കൂളായി മാറുകയാണ് പഠന കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും ഒരു മുഴുവന്‍ സമയ ടീച്ചറെയും നിയമിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടറുകള്‍, ലൈബ്രറി എന്നിവയും കുട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഇതുവരെയുള്ള വിലയിരുത്തല്‍ പ്രകാരം അഞ്ച് ആദിവാസി മേഖലകളിലെയും കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതിയാണ് ഉണ്ടായതെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ സി. വിനോദ് കുമാര്‍ പറഞ്ഞു. ഓരോ പഠന കേന്ദ്രങ്ങളിലും രക്ഷകര്‍തൃ കമ്മിറ്റികള്‍ വിജയകരമായി നടക്കുന്നുണ്ട്.
ഊരുകളിലെ എല്ലാ കുട്ടികളും പഠന കേന്ദ്രങ്ങളില്‍ എത്തുന്നുവെന്നത് മേഖലയില്‍ പദ്ധതിക്കു ലഭിക്കുന്ന സ്വീകാര്യതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തുകള്‍ പിന്തുണ നല്‍കുന്നു. വിതുര തലതൂത്തക്കാവ് സാമൂഹിക പഠന കേന്ദ്രം വെള്ളനാട് ബ്ലോക്ക് പഞ്ചായത്താണ് നിര്‍മിച്ച് നല്‍കിയത്. സംസ്ഥാനത്താകെ 100 സാമൂഹിക പഠന കേന്ദ്രങ്ങളാണ് ഇതിനോടകം ആരംഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."