റിയോയിലേക്ക് ഇനി 22 നാള്‍
ന്യൂഡല്‍ഹി: ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം ഉത്തേജക പരിശോധനയ്ക്ക് വിധേയരായെന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍. ഇവരില്‍ ഒരു താരം പോലും സംശയത്തിന്റെ നിഴലില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റിയോയിലേക്ക് ക്ലീന്‍ ചിറ്റുള്ള താരങ്ങളെ അയക്കാന്‍ സാധിക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. എന്നാല്‍ ചില താരങ്ങളുടെ പരിശോധന നാഡയ്ക്ക് വെല്ലുവിളിയായിരുന്നു. കാരണം ഇവര്‍ വിദേശത്ത് പരിശീലനത്തിലായിരുന്നു. എന്നാല്‍ ഇതെല്ലാം പരിഹരിച്ചെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ താരങ്ങളും ഒരിക്കലെങ്കിലും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ചില താരങ്ങള്‍ രണ്ടോ അതിലധികമോ തവണ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എന്നാല്‍ ചിലഷറപ രണ്ടാമത്തെ പരിശോധനയ്ക്കറ എത്തിയില്ല. എന്നാല്‍ അവര്‍ അസൗകര്യം നാഡയെ അറിയിച്ചിട്ടുണ്ട്.
വിദേശത്തുള്ളവരുടെ പരിശോധനയ്ക്കായി നാഡ ചില ഏജന്‍സികളെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ വഴിയാണ് ഈ അത്‌ലറ്റുകളുടെ സാംപിളുകള്‍ നാഡയ്ക്ക് ലഭിച്ചത്. നേരത്തെ 2004ലും 2008ലും ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്‌സില്‍ നിന്നു പിന്‍വാങ്ങിയിരുന്നു.
2004ല്‍ ഭാരോദ്വഹന താരങ്ങളായ സനാമച്ച ചാനുവും പ്രതിമ കുമാരിയുമാണ് ഉത്തേജക വിവാദത്തില്‍ അകപ്പെട്ടത്. 2008ല്‍ മറ്റൊരു ഭാരോദ്വഹന താരമായ മോണിക്ക ദേവി ഒളിംപിക്‌സിന്റെ തലേദിവസം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.
എന്നാല്‍ 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നാഡ നടത്തുന്നുണ്ടെന്ന് നവീന്‍ പറഞ്ഞു. നിയമം ഇപ്പോള്‍ കര്‍ക്കശമാണ്.
എന്നാല്‍ ചില താരങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകില്ലെന്ന് പറഞ്ഞിരുന്നു. ഇവരുടെ പേരുകള്‍ പുറത്തുവിടാനാവില്ല. ഇത്തരക്കാര്‍ക്ക് നാഡ നോട്ടീസയക്കാറുണ്ട്. മൂന്ന് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. എന്നിട്ടും ഹാജരായിട്ടില്ലെങ്കില്‍ ഉത്തേജക വിരുദ്ധ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം ലോകത്ത് ഏറ്റവുമധികം ഉത്തേജകം ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണെന്ന നാഡയുടെ റിപ്പോര്‍ട്ടില്‍ നിരാശയുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഈ ദുഷ്‌പേര് ഇല്ലാതാക്കാനാണ് നാഡയുടെ ശ്രമമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."