പകര്‍ച്ചവ്യാധിയിലും പാഠം പഠിക്കാത്തവര്‍
പ്രകൃതിയുടെ സ്വാഭാവിക ധര്‍മ്മ നിയോഗങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അകക്കണ്ണ് കൊണ്ട് ശാസ്ത്രീയമായി കാണാന്‍ കഴിയാത്ത, ആധുനിക മനുഷ്യരില്‍ ചിലര്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ മാനവ സമൂഹത്തിന് തന്നെ ഭാരമാവാറുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി വീണ്ടുവിചാരമില്ലാതെ വിധി പറയുന്ന കാലമാണിത്. കൊവിഡ് - 19 അഭിസംബോധന ചെയ്യേണ്ടിവന്ന ആധുനിക മനുഷ്യര്‍ യുക്തിവാദ വിപണി സാധ്യത പരീക്ഷിക്കാന്‍ പരിശ്രമിച്ചത് മറ്റൊന്നു കൊണ്ടുമല്ല.
പ്ലേഗ്, എബോള, വസൂരിയൊക്കെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്തി വിജയിച്ച വൈദ്യശാസ്ത്ര ലോകം, കൊറോണയുടെ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് ഇപ്പോഴുള്ള പ്രധാന പ്രതിരോധ വഴി. കൊവിഡ് ബാധിച്ചാലുള്ള മരണ നിരക്ക് വളരെ കുറവാണ്. പ്രകൃതിയുമായി മനുഷ്യര്‍ നടത്തുന്ന മല്‍പിടുത്തം രോഗ വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. നിങ്ങളുടെ കരം നിങ്ങളുടെ നാശത്തിനു വേണ്ടി പ്രവര്‍ത്തിക്കരുതന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്തിരുന്നു. പ്രകൃതിക്ഷോഭം ഉണ്ടായാലും രോഗം വന്നാലും മതങ്ങളെ പ്രതിയാക്കാന്‍ പറ്റുമോ എന്ന് ഗവേഷണം ചെയ്യുന്ന ഈശ്വര ചിന്തയില്ലാത്തവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന യുക്തിഭദ്രമല്ലാത്ത ആക്ഷേപങ്ങള്‍ അവഗണിക്കുന്നതാണ് ബുദ്ധി.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് അര്‍ഥമില്ലാത്ത ചര്‍ച്ചകള്‍ നിരന്തരം നടന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ പ്രതിരോധ കരുതലുകളും പൂര്‍ണമായി സ്വീകരിച്ചാലും ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന വാശിയിലായിരുന്നു ചിലര്‍. മറ്റെല്ലായിടത്തും സാമൂഹിക അകലം പാലിക്കാതെ ആള്‍ക്കൂട്ടം തടിച്ചു കൂടുന്നതിന് മനോവിഷമം ആര്‍ക്കുമില്ല. ആരാധനാലയത്തില്‍ നൂറുപേര്‍ എന്ന കണക്ക് ഏത് പഠനത്തെ ആധാരമാക്കിയാണെന്ന് വ്യക്തമല്ല.
ഒന്നിച്ച് അടച്ചുപൂട്ടുന്നത് രോഗവ്യാപനം തടയാന്‍ പൂര്‍ണമായി ഉപകരിക്കുമെന്ന് ഇപ്പോഴും കൃത്യത വരുത്തിയിട്ടില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇന്ത്യയെ കണ്ടുപഠിക്കാന്‍ മോദി കൊവിഡിന്റെ തുടക്കത്തില്‍ അടിക്കടി പറഞ്ഞുകൊണ്ടിരുന്നു. പൊതുഖജനാവിലെ പണമെടുത്തു അന്തര്‍ദേശീയമായി തന്നെ വന്‍ പരസ്യങ്ങള്‍ നല്‍കി ഇമേജ് ബില്‍ഡിങ് ആസൂത്രിതമായി നടത്തി. ഇപ്പോള്‍ ഇന്ത്യ മുന്‍നിരയിലാണ് രോഗികളുടെയും വ്യാപനത്തിന്റെയും കാര്യത്തില്‍. ഇന്ത്യയില്‍ സാമൂഹ്യ വ്യാപനമുണ്ടെന്ന് അംഗീകരിച്ചേ മതിയാവൂ എന്ന് വിദഗ്ധര്‍ പറഞ്ഞുകഴിഞ്ഞു. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. രോഗപ്രതിരോധത്തിനും കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ജാഗ്രത അംഗീകരിക്കാതിരുന്നു കൂടാ. എന്നാല്‍ അവകാശവാദങ്ങള്‍ ഉന്നയിച്ച് പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതും ശരിയല്ല. കേരളം നേടിയ ആരോഗ്യ, വിദ്യാഭ്യാസ അടിത്തറ കൂടി ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി ബോധവല്‍ക്കരണം നടത്തുന്നതിലും കേരളത്തിലെ എല്ലാ സംഘടനകളും സംവിധാനങ്ങളും ഇടപെട്ടിട്ടുണ്ട്.
കൊവിഡാനന്തര ലോകം വര്‍ഷങ്ങള്‍ പിറകോട്ട് സഞ്ചരിക്കും എന്നാണ് വിദഗ്ധരുടെ പക്ഷം. പട്ടിണി വര്‍ധിക്കും പട്ടിണി മരണങ്ങളും സംഭവിക്കും. വ്യാപാര വ്യവസായ മേഖലകളിലെ മുരടിപ്പ് വമ്പിച്ച തൊഴില്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. അടിസ്ഥാന തലങ്ങളില്‍ പണമെത്താതെ വന്നാല്‍ നിശ്ചല മാര്‍ക്കറ്റുകളാണുണ്ടാവുക. നികുതി വരുമാനം കുത്തനെ കുറയും. ഏത് സര്‍ക്കാരുകളും അധിക ഭാരവും അമിതഭാരവും വീണ്ടും പൗരന്മാരുടെ മുകളില്‍ ചുമത്തും. പ്രളയസെസ് ഒരു ഉദാഹരണം മാത്രം. നടുവൊടിഞ്ഞ മനുഷ്യര്‍ പാര്‍ക്കുന്ന രാജ്യങ്ങളില്‍ എങ്ങനെയാണ് സമ്പദ്ഘടന ശക്തിപ്പെടുക. പ്രമുഖ ലോക വ്യാപാരികള്‍ നല്‍കുന്ന കണക്ക് പ്രകാരം 30 ശതമാനത്തോളം ബിസിനസ് കമ്മി രേഖപ്പെടുത്തുന്നു. വീണ്ടു വിചാരത്തോടെ ഭാവിയെ സമീപിക്കാനുള്ള കരുത്തു നേടുകയാണ് ഇപ്പോഴത്തെ ആവശ്യം. ഒന്നും വാങ്ങാതെ അര്‍ധ പട്ടിണിയില്‍ വീട്ടില്‍ ഇരിക്കലല്ല പരിഹാരമാര്‍ഗം. നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുകയും അധ്വാന നഷ്ടം സംഭവിക്കാതെ, പദ്ധതികള്‍ രൂപവല്‍ക്കരിക്കലുമാണ് ശരിയായ വഴി. മനുഷ്യവിഭവശേഷി വിലപ്പെട്ടതാണ്. ഇന്ത്യയുടെ ഏറ്റവും പ്രധാന അസറ്റും മറ്റൊന്നല്ല.
മഹാമാരിക്കിടയിലും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ മുസ്‌ലിം വിരുദ്ധതക്ക് മൂര്‍ച്ച കൂട്ടുകയാണ്. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു ക്രൂരമായി കൊന്ന പ്രദേശങ്ങളിലൊന്നാണ് ഡല്‍ഹി. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ തെറ്റുകള്‍ തിരുത്താനല്ല ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. എം.എല്‍.എമാരെ പിടിക്കാന്‍ കോടികളും ചാക്കുമായി ഭാരതം ഭരിക്കുന്ന പാര്‍ട്ടി രംഗത്തുണ്ട്. കൊറോണ ഒരു കുറ്റവാളിയെയും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."