ക്ഷേമപെന്‍ഷനുകള്‍ ആയിരംരൂപയില്‍ കൂടുതലുള്ളവര്‍ക്ക് തല്‍സ്ഥിതി തുടരും: ധനകാര്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ആയിരം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് നിലവിലുള്ള സ്ഥിതി തുടരുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റ് മറുപടിയില്‍ പറഞ്ഞു. 1267 കോടിയുടെ അധിക പദ്ധതികളും അദ്ദേഹം സഭയില്‍ പ്രഖ്യാപിച്ചു. കക്ക തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്നു ഈടാക്കുന്ന റോയല്‍റ്റി ഈ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനും തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കും. ഇതിനായി മൂന്നുകോടി രൂപ വകയിരുത്തി. പീലിങ് തൊഴിലാളികളെ മത്സ്യാനുബന്ധ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുകയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
വയനാട്ടിലെ പ്രൈമറി സ്‌കൂളുകളില്‍ ഒരു ആദിവാസി സ്ത്രീയെ നിയമിക്കുമെന്നത് ആദിവാസി ടീച്ചറെ എന്നാക്കും. അധികമായി പി.ജി കോഴ്‌സുകള്‍ അനുവദിക്കുന്ന പ്ലാന്റേഷന്‍ മേഖലയിലെ കോളജുകളില്‍ മാനന്തവാടി സര്‍ക്കാര്‍ കോളജും ഉള്‍പ്പെടുത്തും.
വയനാട്ടിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജില്‍ 41 കോടി രൂപ നബാര്‍ഡ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് തീരുന്ന മുറയ്ക്ക് അധികപണം അനുവദിക്കും.
ആലപ്പുഴയില്‍ വള്ളംകളികള്‍ക്ക് രണ്ടുകോടി രൂപ നല്‍കും. ചമ്രവട്ടം റെഗുലേറ്ററിന്റെ ചോര്‍ച്ച അടച്ച് പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കും. മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 50 ലക്ഷം രൂപ അനുവദിക്കും. കൊച്ചി ബിനാലേയ്ക്ക് ഏഴുകോടി രൂപ വകയിരുത്തി. ഇതിനുപുറമേ സ്ഥിരം വേദി നിര്‍മിക്കുന്നതിന് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിക്കും.
എസ്.സി-എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ക്രസ്റ്റിന്റെ കാംപസ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്നും 15 കോടി രൂപ വകയിരുത്തി.
ഗാന്ധി സേവാസദനം കഥകളി ക്ലാസിക് ആര്‍ട്‌സ് അക്കാദമിയുടെ വാര്‍ഷിക ഗ്രാന്റ് 10 ലക്ഷത്തില്‍ നിന്നു 20 ലക്ഷം രൂപയായി ഉയര്‍ത്തി. തിരുവനന്തപുരം പ്രസ് ക്ലബിലെ മീഡിയ മാനേജ്‌മെന്റ് ആന്‍ഡ് ജേര്‍ണലിസ്റ്റ്‌സ് ട്രെയിനിങ് സെന്ററിന് 25 ലക്ഷം രൂപ അനുവദിച്ചു.
ആലപ്പുഴയിലെ ദേശീയ ഗെയിംസ് റോവിങ് ട്രാക്ക് സ്ഥിരം വേദിയായി സംരക്ഷിക്കുന്നതിനും പരിശീലനത്തിനായി വരുന്നവര്‍ക്ക് താമസിക്കുന്നതിനുമുള്ള ഹോസ്റ്റലും നിര്‍മിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും 10 കോടി രൂപ വകയിരുത്തി. ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിംസിറ്റിയായി വികസിപ്പിക്കുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്നു 25 കോടി രൂപ വകയിരുത്തി. അഖിലേന്ത്യാ സര്‍വിസ് ഓഫിസര്‍മാരുടെ ഫ്‌ളാറ്റ് സമുച്ചയത്തിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്നു 15 കോടി രൂപ വകയിരുത്തി.
ശുചിത്വകാംപയിന്‍ സംഘാടനത്തിനായി ശുചിത്വമിഷന് 15 കോടി രൂപ അധികമായി നല്‍കും. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ തുടര്‍ചികിത്സയ്ക്കു മരുന്നുകള്‍ വില കുറച്ചു ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. കരള്‍രോഗം, പക്ഷാഘാതം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും നിലവിലുള്ള പരിധിക്കകത്തുനിന്ന് കാരുണ്യയില്‍ നിന്നുള്ള സഹായം ലഭ്യമാക്കും.
വര്‍ഷങ്ങളായി നല്‍കാത്ത കലാ, സാംസ്‌കാരിക സംഘങ്ങള്‍ക്കുള്ള ഗ്രാന്റ് കുടിശിക തീര്‍ത്തുനല്‍കും. അന്ധകാരനഴി കടല്‍ത്തീരവും ഇടുക്കി രാമക്കല്‍മേടും പശ്ചാത്തല സൗകര്യം ഒരുക്കുന്ന ടൂറിസം പദ്ധതികളില്‍ ഉള്‍പ്പെടുത്തും. കുടിവെള്ളം, ജലസേചന മേഖലയില്‍ പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്നു 147 കോടി രൂപ ചിലവില്‍ ഒന്‍പതു പദ്ധതികള്‍കൂടി നടപ്പിലാക്കും. റോഡുകള്‍ക്കായി 560 കോടി രൂപ കൂടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും അനുവദിക്കും. 105 കോടി രൂപ ചെലവില്‍ ആറ് ബൈപ്പാസുകള്‍ക്കുകൂടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും തുക അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."