കൈവെട്ടു കേസില്‍ വിധി പറഞ്ഞ ദിവസത്തെ വിഡിയോ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കും
കൊച്ചി: അഭിമന്യു കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായി തൊടുപുഴ കൈവെട്ടു കേസില്‍ കോടതി വിധി പറഞ്ഞ ദിവസത്തെ വിഡിയോ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നു. എന്‍.ഐ.എയുടെ സഹായത്തോടെയാകും പരിശോധന. മലയാളം ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച് ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയ 2015 ഏപ്രില്‍ 30, ഇവര്‍ക്കുള്ള ശിക്ഷ വിധിച്ച മെയ് എട്ട് ദിവസങ്ങളില്‍ കലൂരിലെ എന്‍.ഐ.എ പ്രത്യേക കോടതി പരിസരത്ത് ഒത്തുകൂടിയവരുടെ ദൃശ്യങ്ങളാണ് പൊലിസ് പരിശോധിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ കൈവെട്ടു കേസിന്റെ വിധി പറഞ്ഞദിവസം കോടതി പരിസരത്തു കൂട്ടമായെത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ക്കായി ദൃശ്യമാധ്യമ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹകരണം പൊലിസ് തേടിയിട്ടുണ്ട്.
രണ്ട് ആക്രമണ രീതികളിലും സമാനതകള്‍ കണ്ടതിനെത്തുടര്‍ന്നാണ് അഭിമന്യു വധക്കേസിന്റെ അന്വേഷണം ഈ ദിശയിലേക്കു നീങ്ങുന്നത്. എന്‍.ഐ.എ ഇപ്പോഴും അന്വേഷണം തുടരുന്ന കൈവെട്ട് കേസിന്റെ കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന 31 പേരില്‍ കെ.എ നജീബ്, എം.കെ നാസര്‍ എന്നിവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി ജയിലിലാണ്. ഇവരെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ വിശദാംശങ്ങളും പൊലിസ് കഴിഞ്ഞ ദിവസം ശേഖരിച്ചു. കൈവെട്ടു കേസിലെ ഒന്നാംപ്രതി സവാദ് പിടികിട്ടാപ്പുള്ളിയാണ്. 18 പേരെ വെറുതെവിട്ടിരുന്നു. ബാക്കിയുള്ള പുറത്തുള്ളവര്‍ ജാമ്യവ്യവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അവര്‍ മഹാരാജാസ് കോളജിലെ അക്രമങ്ങളില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാണോയെന്നും പരിശോധിക്കും. കേസില്‍ എന്‍.ഐ.എ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."