വനംവകുപ്പിന്റെ കെടുകാര്യസ്ഥത സ്വന്തം ഭൂമിയില്‍ അന്യരായി എട്ടു വര്‍ഷം
ആലക്കോട്: വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമിക്ക് വനംവകുപ്പ് അവകാശവാദവുമായി എത്തിയതോടെ ദുരിത ജീവിതം നയിക്കുകയാണ് ആലക്കോട് കാപ്പിമലയിലെ ഏഴിയാകുന്നേല്‍ ജോസഫും(90) ഭാര്യ ഏലിക്കുട്ടി(87)യും. മുപ്പത്തഞ്ചു വര്‍ഷം മുമ്പ് വിലകൊടുത്ത് വാങ്ങിയ ഭൂമിക്ക് എട്ടു വര്‍ഷം മുമ്പാണ് വനംവകുപ്പ് അവകാശവാദവുമായെത്തിയത്. കാപ്പിമലയില്‍ നിന്നു വൈതല്‍മലയിലേക്ക് പോകുന്ന റോഡില്‍ മഞ്ഞപ്പുല്ലിലാണ് ഇവരുടെ താമസം. ഇഷ്ടിക കൊണ്ട് നിര്‍മിച്ച കൊച്ചു വീട് ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
1975ലാണ് ആറേക്കര്‍ ഏക്കര്‍ 18 സെന്റ് സ്ഥലം ജോസഫ് സ്വന്തമാക്കിയത്. വന്യമൃഗങ്ങളോടും മണ്ണിനോടും മല്ലടിച്ച് കൃഷിഭൂമിയാക്കിയ മാറ്റിയ സ്ഥലത്തിന് 2009 വരെ കരവും കെട്ടിയിരുന്നു. എന്നാല്‍ ഭൂമി തങ്ങളുടേതാണെന്നും ഒഴിഞ്ഞു പോകണമെന്നും കാണിച്ച് വനംവകുപ്പ് നോട്ടിസ് നല്‍കുകയായിരുന്നു. ഒന്‍പതു മക്കളില്‍ മൂത്തയാള്‍ക്ക് വനഭൂമിയോട് ചേര്‍ന്ന് നല്‍കിയ ഒരേക്കര്‍ സ്ഥലത്തിനു നികുതി സ്വീകരിക്കുന്നുണ്ടെങ്കിലും വനാതിര്‍ത്തിയില്‍ നിന്നു കിലോമീറ്ററുകള്‍ മാറിയുള്ള അഞ്ചേക്കറോളം സ്ഥലത്തിനാണ് വനം വകുപ്പ് പിടിയിട്ടത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. സ്വന്തം ഭൂമിയില്‍ നിന്ന് ഒരു കമ്പ് വെട്ടിയാല്‍ പോലും വനംവകുപ്പ് കേസെടുക്കുന്നതിനാല്‍ തൊണ്ണൂറാം വയസിലും കോടതിയില്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് ജോസഫ്. ഭാര്യക്കും തനിക്കും കിട്ടുന്ന ക്ഷേമ പെന്‍ഷനുകള്‍ കൊണ്ടു മാത്രമാണ് ഇപ്പോള്‍ ദൈനംദിന ചിലവുകള്‍ നടക്കുന്നത്.
ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ അധ്വാനിച്ച് കനകം വിളയിച്ച ഭൂമിയില്‍ ശിഷ്ടകാലമെങ്കിലും സ്വസ്ഥതയോടെ കിടന്നുറങ്ങാനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്ന അപേക്ഷയാണ് ഇവര്‍ക്കുള്ളത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേ നടപടികളാണ് ഈ പാവപ്പെട്ട കര്‍ഷക കുടുംബത്തിന് തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."