അഭിമന്യു വധം: ഒളിവിലായിരുന്ന പത്താംപ്രതി കീഴടങ്ങി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതിയായ കാംപസ് ഫ്രണ്ട് പ്രവര്ത്തകന് കോടതിയില്‍ കീഴടങ്ങി. നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസ (23) ആണ് ഇന്നലെ രാവിലെ എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. സഹലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ കേസിലെ 16 പ്രതികളും പിടിയിലായി. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം സഹല്‍ കര്‍ണാടകയില്‍ ഒളിവില്‍കഴിയുകയായിരുന്നു. അവിടെ കൊവിഡ് വ്യാപിച്ചതോടെ കേരളത്തില്‍ തിരിച്ചെത്തി. കേസിന്റെ വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതി കീഴടങ്ങിയത്. സഹലിനെ പിടികൂടാത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇയാള്‍ കേരളം വിട്ടെന്നും വിദേശത്താണെന്നുമായിരുന്നു പൊലിസ് വിശദീകരിച്ചിരുന്നത്.
അതേസമയം, അഭിമന്യുവിനെ കുത്താന്‍ സഹല്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടെടുക്കാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ- കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 2018 ജൂലൈ രണ്ടിന് രാത്രി 12.45നാണ് അഭിമന്യു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."