പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കും: മന്ത്രി
പെരുമണ്ണ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള നടപടികളാണ് നവകേരളമിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
വിവിധ പദ്ധതികളില്‍ പെടുത്തി നിര്‍മാണം ആരംഭിക്കുകയും മുടങ്ങിപ്പോവുകയും ചെയ്ത പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 17 വീടുകള്‍ ലൈഫ് പദ്ധതിയില്‍ പെടുത്തി പഞ്ചായത്ത് സഹകരണത്തോടെ പൂര്‍ത്തീകരിച്ചതിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിര്‍ധനരായ ആളുകള്‍ക്ക് വീട് വച്ചു നല്‍കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ആളുകളുടെയും സഹകരണം തേടുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓരോരുത്തരും കക്ഷിത്വം സ്വീകരിക്കാറുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി ഏത് കക്ഷിയായാലും ഭരണ സമിതിയുടെ ഭാഗമാണെന്നും പഞ്ചായത്തീരാജ് നിയമത്തില്‍ പ്രതിപക്ഷം എന്നൊന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആമിനാബി ടീച്ചര്‍, രാജീവ് പെരുമണ്‍ പുറ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗം സി. ഉഷ, എ. ശോഭനകുമാരി, ഉഷാകുമാരി കരിയാട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് പരിധിയില്‍പെട്ട വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം മന്ത്രി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."