ഭീകരാക്രമണത്തിന് സാധ്യത: ഡ്രോണുകള്‍ വെടിവച്ചിടും
തിരുവനന്തപുരം: ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയാണിതെന്നും സംസ്ഥാനത്തിനു രേഖാമൂലം മുന്നറിയിപ്പ് ലഭിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ പറന്നതിനെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സും മിലിട്ടറി ഇന്റലിജന്‍സും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍ കരുതല്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത്. അനുമതിയില്ലാതെയും സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെയും പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദേശമുണ്ട്.
ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടിടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ മേഖലകളില്‍ ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം സിദ്ധിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു.
250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. സുരക്ഷാ മേഖലകള്‍ അടയാളപ്പെടുത്തി പൊലിസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡ്രോണുകള്‍ നിയന്ത്രിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി വ്യോമസേനയായിരിക്കും. നടപടികള്‍ ഏകോപിപ്പിക്കാന്‍ പൊലിസിലേയും സൈനിക വിഭാഗങ്ങളിലേയും 5 അംഗങ്ങള്‍ അടങ്ങുന്ന സമിതി രൂപീകരിക്കും. കേന്ദ്ര നിര്‍ദേശമനുസരിച്ച് കേരളത്തിലെ അതീവ സുരക്ഷാ മേഖലകള്‍ ഉള്‍പ്പെടുത്തി ഉടന്‍ റെഡ് സോണ്‍ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരള പൊലിസ്.
ഡ്രോണ്‍ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കാര്‍ഗോ കോംപ്ലക്‌സിനു പിന്നില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. നിയന്ത്രണം തെറ്റി വന്ന ഡ്രോണ്‍ നിലത്ത് പതിക്കുകയായിരുന്നു. ചൈനീസ് നിര്‍മിത ഡ്രോണ്‍ സി.ഐ.എസ്.എഫ് പൊലിസിനു കൈമാറി.
ശ്രീകാര്യം സ്വദേശി നൗഷാദാണ് ഈ ഡ്രോണ്‍ പറത്തിയത്. ഇയാള്‍ക്കെതിരെ വലിയതുറ പൊലിസ് കേസെടുത്തു. കസ്റ്റഡിയിലുള്ള നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എസ്.പി ഇളങ്കോ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."