മോദിയുടെ ദത്ത് ഗ്രാമത്തില്‍ പട്ടിണിയെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്ത്തകക്കെതിരേ യു.പി പൊലിസ് കേസെടുത്തു
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വരാണസിയിലെ പ്രധാനമന്ത്രിയുടെ ദത്ത് ഗ്രാമത്തില്‍ ആളുകള്‍ പട്ടിണി കിടക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിന് 'ദ സ്ക്രോള്‍' എക്സിക്യൂട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മ്മക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 501, 269 വകുപ്പുകള്‍ക്ക് പുറമെ 1989ലെ പട്ടിജാതിക്കാര്ക്കും പട്ടിക വര്‍ഗക്കാര്‍ക്കും എതിരായ അതിക്രമം തടയുന്ന നിയമവും ചുമത്തിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വരാണസി ജില്ലയെ എങ്ങനെ ബാധിച്ചുവെന്നതു സംബന്ധിച്ച പരമ്പരയായിരുന്നു സുപ്രിയ ശര്‍മ്മ ചെയ്തത്. ഇതിന്റെ ഭാഗമായി ദൊമാരി ഗ്രാമത്തിലെ വീട്ടു ജോലി ചെയ്യുന്ന മാലാ ദേവി എന്നൊരു സ്ത്രീയുമായി അഭിമുഖം നടത്തുകയും അവര്‍ പറഞ്ഞ കാര്യങ്ങള്‍ പരമ്പരയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമമാണ് ദൊമാരി. തനിക്ക് റേഷന്‍ കാര്‍ഡില്ലെന്നും ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം പോലുമില്ലെന്നും അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് പിന്നീട് മാലാ ദേവി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. താന്‍ വീട്ടുജോലിക്കാരിയല്ലെന്നും ശുചീകരണത്തൊഴിലാളിയാണെന്നും പരാതിയില്‍ അവര്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് താനോ തന്റെ കുടുംബത്തിലെ ആരെങ്കിലുമോ പ്രയാസത്തിലായിട്ടില്ല. താനും മക്കളും പട്ടിണിയിലാണെന്ന് പറയുന്നതിലൂടെ തന്റെ ദാരിദ്ര്യത്തെയും ജാതിയെയും സുപ്രിയ ശര്‍മ്മ പരിഹസിച്ചിരിക്കുകയാണെന്നും മാലാ ദേവി നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."