പ്രധാനമന്ത്രി സമ്മാന്‍ നിധി: അപേക്ഷകള്‍ 24 ലക്ഷം കവിഞ്ഞു
മലപ്പുറം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഇത്രയും അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് വെബ്‌പോര്‍ട്ടലില്‍ ചേര്‍ത്ത 9.5 ലക്ഷം അപേക്ഷകര്‍ക്ക് മാത്രമേ ആദ്യഘട്ടത്തില്‍ ആനുകൂല്യം ലഭിക്കൂ. ബാക്കിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനുശേഷമേ ആനൂകൂല്യം ലഭിക്കാനിടയുള്ളൂ.
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് നാലുമാസത്തില്‍ 2,000 രൂപ വീതം ഒരു സാമ്പത്തിക വര്‍ഷം മൂന്ന് ഗഡുക്കളായി 6,000 രൂപ നല്‍കുന്നതാണ് പി.എം കിസാന്‍ പദ്ധതി. ഈ വര്‍ഷം മാര്‍ച്ച് മാസം വരെ ഒരു ഗഡുവിനാണ് അര്‍ഹതയുള്ളത്. തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ലഭിക്കുക. പദ്ധതിക്ക് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയതു മുതല്‍ കൃഷിഭവനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആദ്യ ഗഡുവിനായി ഇന്നുകൂടി അപേക്ഷിക്കാനുള്ള അവസരമുണ്ട്. മാര്‍ച്ച് 31 വരെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനു മാത്രമാണ് കൃഷിഭവനുകള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. പിന്നീട് അപേക്ഷ സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ മാസം പകുതി മുതല്‍ സംസ്ഥാനത്തെ കൃഷിഭവനുകളില്‍ പദ്ധതിക്കായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നുവെങ്കിലും സ്വീകരിക്കുന്ന അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തി മന്ദഗതിയിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് 9.5 ലക്ഷം അപേക്ഷകള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലില്‍ ചേര്‍ക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."