വ്യാപാരികള്‍ക്കു തിരിച്ചടി
കൊയിലാണ്ടി: നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനാവസ്ഥ കൊയിലാണ്ടിയിലെ വ്യാപാര മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. വ്യാപാരികള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന നിര്‍മാണ മേഖലയുടെ തകര്‍ച്ചയില്‍ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഹാര്‍ഡ്‌വെയര്‍, പെയിന്റ്‌സ്, ടൈല്‍സ്, ടിമ്പര്‍, ഇലക്ട്രിക്കല്‍സ്, ടെക്സ്റ്റയില്‍സ് എന്നിവിടങ്ങളില്‍ തൊഴില്‍ ചെയ്തുവരുന്ന 500ഓളം വരുന്ന തൊഴിലാളികളും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുണ്ട്. സ്വത്തുക്കള്‍ പണയത്തിലൂടെ, ബാങ്ക് ലോണുകളിലൂടെ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ച വ്യവസായങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
ജപ്തി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ മേഖയിലെ തകര്‍ച്ച സാധാരണ കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ നൂറുകണക്കിന് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. ഇവര്‍ നിത്യോപയോഗ വസ്തുക്കളെ ആശ്രയിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. തൊഴില്‍ സ്തംഭനംമൂലം ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്കു മടങ്ങിയത് ചെറുകിട കച്ചവട മേഖലയെയും തളര്‍ത്തിയിരിക്കുകയാണ്. ക്വാര്‍ട്ടേഴ്‌സുകളും വാടക വീടുകളും മാസ വാടകക്ക് നല്‍കി ഉപജീവനം നടത്തിവന്നിരുന്നവര്‍ക്കും നിര്‍മാണ മേഖലയിലെ തകര്‍ച്ച സാരമായി ബാധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."