HOME
DETAILS
MAL
'ലൈക്ക'ടിപ്പിക്കണം ലോക്കല്‍ കമ്മിറ്റികള്‍
backup
June 20 2020 | 03:06 AM
കോട്ടയം: സമൂഹമാധ്യമങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫോളോവേഴ്സിനെ കൂട്ടാന്‍ ക്യാംപയിനുമായി സി.പി.എം രംഗത്ത്. ഫേസ്ബുക്കിലെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജായ സി.പി.ഐ.എം കേരള ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ബി.ജെ.പിയ്ക്കും പിന്നിലാണ്. ഇതു മറികടക്കാനും സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനും ലക്ഷ്യമിട്ടാണ് ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാനുള്ള ക്യാംപയിന് പാര്‍ട്ടി തുടക്കമിട്ടത്. സംസ്ഥാനത്തെ 2200 ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചാണ് ക്യാംപയിന്. ഓരോ ലോക്കല്‍ കമ്മിറ്റിക്കും പുതിയ 1000 ഫോളോവേഴ്സിനെ കണ്ടെത്താനുള്ള ചുമതലാണ് സംസ്ഥാന കമ്മിറ്റി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ 14 ജില്ല കമ്മിറ്റികളുടെയും 270 ഏരിയ കമ്മിറ്റികളുടെയും ഫേസ്ബുക്ക് പേജുകളിലെ ഫോളോവേഴ്സിന്റെ എണ്ണവും വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സമൂഹമാധ്യങ്ങളില്‍ സി.പി.എം നേരിട്ട് തന്നെ ഇടപെടല്‍ നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എല്ലാ ജില്ലകള്‍ക്കും ഓരോ ദിവസം നിശ്ചയിച്ചു നല്‍കിയാണ് ക്യാംപയിന്. നിലവില്‍ 4,32,257 ഫോളോവേഴ്സാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിനുള്ളത്. ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിനാവട്ടെ 6,51,778 ഫോളോവേഴ്സുണ്ട്. ഈ അന്തരം മറികടന്ന് ഒന്നാമത് എത്തണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒഫിഷ്യല്‍ പേജായ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കേരളയുടെ ഫോളോവേഴ്സ് 2,59,338 മാത്രമാണ്. സി.പി.എമ്മിനായി സമൂഹമാധ്യമങ്ങളില്‍ പോരാട്ടം നടത്തുന്ന 'പോരാളി ഷാജി'യെന്ന ഫേസ്ബുക്ക് പേജിനാവട്ടെ ഫോളോവേഴ്സിന്റെ എണ്ണം 6,77,431 ആണ്. സൈബര്‍ പോരാളികളുടെ പേജിനും പിറകിലാണ് ഫോളോവേഴ്സിന്റെ കാര്യത്തില്‍ സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജ്. ക്യാംപയിനിലൂടെ 22 ലക്ഷം പുതിയ ഫോളോവേഴ്സിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."