HOME
DETAILS
MAL
കരാര്‍ അമേരിക്കന്‍ കമ്പനിയില്‍ എത്തിയതില്‍ ദുരൂഹത
backup
June 20 2020 | 03:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.എസ്.എഫ്.ഇക്കുവേണ്ടി പുതിയ മൊബൈല്‍ ആപ്പ് പുതുവര്‍ഷത്തില്‍ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും വര്‍ഷം പകുതിയായിട്ടും ഇതുവരെ തയാറാക്കാനായില്ല. ആപ്പ് നിര്‍മാണം ഏല്‍പ്പിച്ചത് സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണെന്നു പറയുന്നുണ്ടെങ്കിലും ഈ കമ്പനിയെ അമേരിക്കന്‍ കമ്പനി പിന്നീട് ഏറ്റെടുത്തതിലും അസ്വഭാവികത ആരോപിക്കപ്പെടുന്നു. ആപ്പും പുതിയ വെബ്‌സൈറ്റും നിര്‍മിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കണ്‍സോര്‍ഷ്യത്തെ തെരഞ്ഞെടുത്ത് ഏല്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആക്ഷേപത്തെ ഖണ്ഡിക്കുന്നതിനായി കെ.എസ്.എഫ്.ഇ പുറത്തിറക്കിയ കുറിപ്പിലും ദുരൂഹതകള്‍ ഏറെയാണ്.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനും പുതിയ തലമുറയെയും മുന്നില്‍ കണ്ട് 2020 ജനുവരിയില്‍ പുതിയ ആപ്പും വെബ്‌സൈറ്റും കൊണ്ടുവരുമെന്നാണ് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്.
പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനം ഉള്‍പ്പെടെ കൊണ്ടുവരുന്നതിന് നിരവധി ന്യായങ്ങളും കെ.എസ്.എഫ്.ഇ പറഞ്ഞിരുന്നു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാസ്ബ സോഫ്റ്റ്‌വെയറിന്റെ പോരായ്മകളാണ് അതില്‍ പ്രധാനം. കോടികള്‍ മുടക്കി വാങ്ങിയ ഈ സോഫ്റ്റ്‌വെയര്‍ മോശമെന്നുകണ്ട് മൂന്നാം വര്‍ഷത്തില്‍തന്നെ കെ.എസ്.എഫ്.ഇ ഉപേക്ഷിക്കുകയാണ്. ഇതിനു പിന്നാലെയാണ് പുതിയ ആപ്പ് നിര്‍മാണത്തിനുള്ള ചുമതല ചട്ടങ്ങള്‍ ലംഘിച്ച് ഏല്‍പ്പിച്ചെന്ന ആക്ഷേപവും ഉയര്‍ന്നത്. മൂന്ന് സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് ആപ്പ് നിര്‍മാണത്തിന്റെ ചുമതല നല്‍കിയതെന്നാണ് കെ.എസ്.എഫ്.ഇ പറയുന്നത്. കണ്‍സോര്‍ഷ്യത്തിലുള്ള ഒരു കമ്പനിക്ക് മതിയായ യോഗ്യത ഉണ്ടായിരുന്നുവെന്നും പറയുന്നു. കണ്‍സോര്‍ഷ്യത്തിലെ മുഖ്യ കമ്പനിയായ അല്‍വെയറിനെ പിന്നീട് അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ഐ ഡോട്ട് അയ് വിലയ്ക്കു വാങ്ങിതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഈ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സുപ്രധാന വിവരങ്ങളാണ് അമേരിക്കന്‍ കമ്പനിക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നത്. കെ.എസ്.എഫ്.ഇയുടെ 15 ലക്ഷത്തോളം വരുന്ന ഇടപാടുകാരുടെ വിവരങ്ങള്‍ ആപ്പ് പുറത്തുവരുന്നതോടെ ഈ കമ്പനിക്ക് ലഭിക്കും. വിവര ചോര്‍ച്ച തടയുന്നതിനുള്ള യാതൊരു നിര്‍ദേശങ്ങളും കരാറില്‍ കെ.എസ്.എഫ്.ഇ എഴുതിച്ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും യഥാസമയം ആപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞില്ലെന്നതും ന്യൂനതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."