അര്‍ധ സൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണം
കണ്ണൂര്‍: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേന വിഭാഗങ്ങളായ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടിബി.പി, എസ്.എസ്.പി, ആസം റൈഫിള്‍ എന്നീ വിഭാഗങ്ങള്‍ക്ക് കരസേനയുടെ തുല്യമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ഓള്‍ ഇന്ത്യ സെന്‍ട്രല്‍ പാരാമിലിറ്റട്ടറി ഫോഴ്‌സസ് എക്‌സ് സര്‍വിസ്‌മെന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തി മേഖലയും ആഭ്യന്തര സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ അവിഭാജ്യ ഘടകമായ അര്‍ധസൈനികര്‍ കരസേനയ്ക്ക് തുല്യമായ സേവനമാണ് ചെയ്തു വരുന്നത്. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അര്‍ധസൈനിക വിഭാഗത്തെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
അര്‍ധ സൈനിക വിഭാഗങ്ങളെ സിവില്‍ സര്‍വിസ് റൂളില്‍നിന്നു നിയമഭേദഗതി മാറ്റിയോ പാരാമിലിട്ടറി സര്‍വിസ് റൂളിന് രൂപം നല്‍കിയോ സൈനിക വിഭാഗത്തിന് തുല്യമായ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുക, സൈനീകര്‍ക്കു തുല്യമായ കാന്റീന്‍ സംവിധാനം ഏര്‍പ്പെടുത്തുക, വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ ജില്ലകളില്‍ കാന്റീന്‍ ആരംഭിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ നിവേദനമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ജനറല്‍ബോഡി യോഗം എട്ടിന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. ഡയറക്ടറി പ്രകാശനം എസ്.പി ജി. ശിവവിക്രം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി വി. ബാലകൃഷ്ണന്‍, പ്രസിഡന്റ് കെ.വി. നാരായണന്‍, ടി. വിജയന്‍, കെ. ഗംഗാധരന്‍, സി. വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."