അറുപതാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: അമ്പലക്കണ്ടിക്കാര്‍ക്ക് പട്ടയം
ഇരിട്ടി: അറുപതാണ്ടുകള്‍ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിലെ 261 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
അറുപത് വര്‍ഷത്തിലേറെ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് റവന്യൂ വകുപ്പ് സര്‍വേ നമ്പര്‍ 238 ല്‍ ഉള്‍പ്പെട്ട 134 ഏക്കറോളം ഭൂമി കൈവശം വെച്ചിരിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നത്. ഇതില്‍ അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭൂമിയും സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ ഭൂമിയും ഉള്‍പ്പെടും. 15ന് രാവിലെ 11 മണിക്ക് ആറളം അമ്പലക്കണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.
കനകത്തിടം തറവാട്ടുകാരുടെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ ഭൂമി. എ.കെ. കാദര്‍കുട്ടി സാഹിബിന്റെ മദ്ധ്യസ്ഥതയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമി കുടിയേറ്റ കര്‍ഷകര്‍ക്ക് പാട്ടത്തിനു നല്‍കുകയായിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലൂടെ പ്രദേശത്തെ 32 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ അന്നത്തെ കാക്കയങ്ങാട് ലാന്‍ഡ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് കാദര്‍കുട്ടി സാഹിബ് സര്‍ക്കാരിലേക്ക് നല്‍കി.
ഇതിനെതിരെ പ്രദേശത്തെ മറ്റ് കുടുംബങ്ങളും മാന്തവാടി ലാന്‍ഡ് ട്രൈബ്യൂണലിനെ സമീപിച്ചു. ലാന്‍ഡ് ട്രൈബ്യൂണല്‍ കര്‍ഷകര്‍ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും നികുതി സ്വീകരിക്കുകയും ചെയ്‌തെങ്കിലും പട്ടയം നല്‍കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് മാറി മാറി വന്ന സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി. ആറളം വില്ലേജ് കര്‍ഷകസമിതി എന്ന പേരില്‍ കര്‍ഷകക്കൂട്ടായ്മയുണ്ടാക്കി നടത്തിയ പ്രദേശവാസികളുടെ പരിശ്രമമാണ് ഒടുവില്‍ ഫലം കണ്ടത്. അമ്പലക്കണ്ടി ടൗണിലെ അഞ്ചു വ്യാപാരസ്ഥാപനങ്ങളുടെ ഭൂമിക്കും ഇതോടൊപ്പം പട്ടയം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."