ഉറപ്പിച്ചു; വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ
ന്യൂഡല്‍ഹി: എല്ലാ ആകാംക്ഷകള്‍ക്കും വിരാമം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഇക്കാര്യം പ്രഖ്യാപിച്ചു.
വയനാട് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന് എ.കെ ആന്റണി പറഞ്ഞു. മൂന്ന് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ അമേത്തിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സിങ് സുര്‍ജെവാലയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു.
'പല ഘട്ടങ്ങളായി ചര്‍ച്ച നടന്നു. പലതവണ എല്ലാവരും അഭ്യര്‍ഥിച്ചു. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നു'-എ.കെ. ആന്റണി പറഞ്ഞു. അമേത്തിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറയുന്നു.
വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പാടെ ബാധിച്ചിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിശ്ചലാവസ്ഥയിലുമായി. ഇതിനിടെ കര്‍ണാടകയിലെ ബിദാറിലും രാഹുല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2014ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദരയിലും മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."