സഫൂറാ സര്‍ഗാറിനെ തടങ്കലിലടച്ചതിനെതിരേ യു.എ.ഇ രാജകുടുംബാംഗം
ഒരു യുവതിക്കും അവരുടെ ജനിക്കാത്ത കുഞ്ഞിനും നീതി നിഷേധിക്കുന്നത് ഇന്ത്യയ്ക്ക് നാണക്കേട്
ഷാര്‍ജ: യു.എ.പി.എ ചുമത്തി ജയിലിലടച്ച ജാമിഅ ഗവേഷണ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന്റെ വിഷയത്തില്‍ പ്രതികരണവുമായി യു.എ.ഇ രാജകുടുംബാംഗം ഷെയ്ഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി. സഫൂറക്ക് ജാമ്യം നല്‍കാതെ തടങ്കലിലടച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഒരു ഗര്‍ഭിണിയെ തടങ്കലില്‍വെച്ചതുകൊണ്ട് എന്താണ് അവര്‍ക്ക് നേടാനുള്ളതെന്നും ഷെയ്ഖ ഹിന്ദ് ചോദിച്ചു.
ഒരു യുവതിക്കും അവരുടെ ജനിക്കാത്ത കുഞ്ഞിനും നീതി നിഷേധിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര തലത്തില്‍ നാണക്കേടാണെന്നും ഇന്ത്യന്‍ ഓണ്‍ലൈനായ ടു സര്‍കിള്‍സ് ഡോട്ട് നെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ഖ പറഞ്ഞു. ഏപ്രില്‍ 13ന് മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് പൗരത്വ നിയമഭേദഗതി പ്രതിഷേധത്തിന്റെ സംഘാടകയാണെന്നാരോപിച്ച് സഫൂറയെ അറസ്റ്റ് ചെയ്തത്.
കശ്മിര്‍ ജയിലാണെന്ന് അഭിപ്രായപ്പെട്ട ഷെയ്ഖ ഹിന്ദ് കശ്മിരിനെ ഇസ്‌റാഈലി ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിനോടാണ് ഉപമിച്ചത്. എട്ടു മാസമായി അവിടെ ലോക്ക്ഡൗണാണ്. ഇനി എത്ര കാലമത് തുടരുമെന്ന് അറിയില്ല. ഇസ്‌ലാമോഫോബിയ യു.എ.ഇ അംഗീകരിക്കില്ലെന്നും ഷെയ്ഖ പറഞ്ഞു. നേരത്തെ ഇന്ത്യക്കാരായ യു.എ.ഇ പ്രവാസികളുടെ വിദ്വേഷപരമായ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ക്കെതിരേ ഇവര്‍ രംഗത്തെത്തിയിരുന്നു.
വിദ്വേഷം വംശഹത്യയിലേക്കുള്ള ചുവടുവയ്പാണ്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന വംശഹത്യക്ക് മാധ്യമങ്ങള്‍ വേണ്ട പ്രചാരണം നല്‍കുന്നില്ലെന്നാണ് താന്‍ കരുതുന്നത്.
അതേസമയം തന്റെ കമ്പനിയില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമായ ജീവനക്കാരുണ്ടെന്നും അവരെയെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളായാണ് താന്‍ കാണുന്നതെന്നും ഇന്ത്യയില്‍ സമാധാനം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."