മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; മൂന്നു തൊഴിലാളികള്‍ക്ക് പരുക്ക്
വൈപ്പിന്‍: മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.അപകടത്തില്‍ ബോട്ടിന്റെ കൊമ്പ് തകര്‍ന്നു. അണിയത്ത് ഇരുന്നിരുന്ന മൂന്നു തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ 1.25ന് പൊന്നാനിയില്‍നിന്ന് 23 ഫാതം അകലെ കടലിലാണ് അപകടമുണ്ടായത്.
മുനമ്പത്തെ പനക്കല്‍ ഫ്രാങ്കോയുടെ സില്‍വിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശി സുബല്‍ മൈത്തി (55), തമിഴ്നാട് രാമേശ്വരം രാമനാഥപുരം സ്വദേശികളായ സി.അറുമുഖം (56), എ.പാണ്ഡ്യന് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബോട്ടില്‍ തന്നെ വീണാണ് ഇവര്‍ക്ക് പരുക്കേറ്റത്.
പതിനൊന്ന് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. തെക്കു നിന്നും വടക്കോട്ട് പോകുകയായിരുന്ന കപ്പലാണ് ബോട്ടിന്റെ അണിയത്ത് ഇടിച്ചതെന്ന് സ്രാങ്ക് പറഞ്ഞു. കപ്പലില്‍ വെളിച്ചം ഉണ്ടായിരുന്നില്ല. അതേസമയം ബോട്ടില്‍ നല്ലപോലെ ലൈറ്റുകള്‍ തെളിയിച്ചിരുന്നു. വല വലിച്ചുകൊണ്ടിരുന്നതിനാല് മൂന്നു പേരൊഴികെ മറ്റെല്ലാവരും ഉറക്കത്തിലായിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് വലിയ ദുരന്തം ഒഴിവായതെന്ന് സ്രാങ്ക് പറഞ്ഞു.
ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. ഏത് കപ്പലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറയുന്നു.ബോട്ടിന്റെ കൊമ്പ് അടര്‍ന്ന് അകത്തേക്കാണ് വീണത്. ബോട്ടിനു സാരമായ കേടുണ്ട്. ബോട്ടിന്റെ സ്റ്റോറില്‍ മത്സ്യം ഉള്ളതിനാല്‍ ഇവ ഇറക്കിയശേഷമേ മറ്റു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുവെന്ന് ഉടമ ഫ്രാങ്കോ അറിയിച്ചു. അപകടത്തിനുശേഷം ബോട്ട് പൊന്നാനിയില്‍ നിന്നും ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് മുനമ്പം ഹാര്ബറിലടുത്തത്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."