പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കണം; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: ഇനി ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ചൈനീസ് പ്രകോപനം നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്രമാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി വിളിച്ച സൈനിക തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം.
ഉചിതമായ എന്തു നിലപാടും സേനകള്‍ക്ക് എടുക്കാമെന്നും അതിര്‍ത്തിയില്‍ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റമോ പ്രകോപനമോ ഉണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടതില്ലെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍. വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഭൂമി ചൈന കയ്യടക്കിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെ ഭൂമി വിട്ടുകൊടുത്ത് സറണ്ടര്‍ മോദിയായി മാറിയെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്.
അതേസമയം, അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ, ചൈനയ്ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയെ പ്രധാനമന്ത്രി ചൈനയുടെ അക്രമത്തിന് മുന്നില്‍ അടിയറവ് വെച്ചു,' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."