പൊതുവിദ്യാലയങ്ങളില്‍ മലയാളം പഠിക്കുന്നവരുടെ എണ്ണം കുറയുന്നു ശരീഫ് കൂലേരി
തൃക്കരിപ്പൂര്‍: പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ ചേരുമ്പോഴും മലയാളം പഠിക്കുന്നവരുടെ എണ്ണത്തില്‍ കുറവെന്ന് സൂചന. പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 'ഹലോ ഇംഗ്ലീഷ് ' പോലുള്ള പരിപാടികള്‍ ആവിഷ്കരിച്ചിട്ടും മലയാളം ക്ലാസിലിരിക്കാന്‍ ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളില്‍ കൈവിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് എത്തിയത്.
തൃക്കരിപ്പൂരിലെ സെന്റ് എ.യു.പി സ്കൂളില്‍ ഇത്തവണ ഒന്നാം തരത്തില്‍ പ്രവേശനം നേടിയ 201 വിദ്യാര്‍ഥികളില്‍ മലയാളം മീഡിയം ക്ലാസിലിരിക്കാന്‍ എത്തിയതും കൈവിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ്.
തൃക്കരിപ്പൂരിന്റെയും സമീപ പഞ്ചായത്തുകളിലെയും പല ഭാഗങ്ങളില്‍ നിന്നാണ് ഇത്രയും കുട്ടികളെത്തുന്നത്. ഈ വിദ്യാലയത്തില്‍ ഈ വര്‍ഷം മറ്റു ക്ലാസുകളിലേക്കു കടന്നുവന്നവരില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഇഷ്ടപ്പെടുന്നവര്‍ തന്നെ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഒന്നാം തരത്തിലും മറ്റ് ക്ലാസുകളിലും പ്രവേശനം നേടുന്നതായി അവകാശപ്പെടുന്ന ഭൂരിഭാഗം വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് കുട്ടികളുടെ കുത്തൊഴുക്ക്.
പൂര്‍ണമായും മലയാളം മീഡിയത്തിലുള്ള പൊതുവിദ്യാലയവും ജില്ലയിലുണ്ട്. അത്തരം സ്കൂളുകളില്‍ 'ഹലോ ഇംഗ്ലീഷ് ' പദ്ധതിയിലൂടെ ഇംഗ്ലീഷില്‍ കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നുമുണ്ട്.
ഓരോ ജില്ലയിലും മലയാളം മീഡിയത്തിലേക്ക് ഒന്നാം തരത്തില്‍ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം നോക്കി വിദ്യാലയങ്ങള്‍ക്ക് കാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തുക, മലയാളം മീഡിയം പഠിച്ചിറങ്ങുന്നവര്‍ക്ക് പി.എസ്.സി മുഖേന ജോലി നേടുമ്പോള്‍ ഒരു നിശ്ചിത ശതമാനം സംവരണം ചെയ്യുക, മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം വിളിച്ചോതാന്‍ മാതൃഭാഷാ വര്‍ഷാചരണം (മലയാള വര്‍ഷാഘോഷം) കാംപയിന് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഭാഷാ പ്രേമികള്‍ ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."