വയോധിക തനിച്ച് താമസിക്കുന്ന വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു
കുമ്പള: കുമ്പളയില്‍ വീണ്ടും വന്‍ കവര്‍ച്ച. വയോധിക തനിച്ച് താമസിക്കുന്ന വീടിന്റെ പൂജാമുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറര പവന് സ്വര്‍ണവും വെള്ളി നിര്‍മിത പാത്രങ്ങളും കവര്‍ന്നു. കുണ്ടക്കരടുക്ക ഭജന മന്ദിരത്തിനുസമീപം താമസിക്കുന്ന വൃന്ദകിണി(64)യുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്നു മക്കളില്‍ രണ്ടുപേര്‍ പൂനെയിലും ഒരാള്‍ ബംഗളുരുവിലുമാണ് താമസം. വീടിനകത്ത് നിന്ന് അലമാരകള്‍ കുത്തിത്തുറക്കുന്നതിന്റെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വൃന്ദ കിടന്നിരുന്ന മുറിയുടെ വാതിലിലെ എല്ലാ ലോക്കുകളും പൂട്ടിയ ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ബന്ധുവായ ഒരാള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. വീടിനുപുറത്തുനിന്ന് നിരീക്ഷണം നടത്തിയപ്പോള്‍ അകത്ത് ഒന്നില്‍ കൂടുതല്‍ പേര് ഉള്ളതായി വ്യക്തമായതായി പറയുന്നു. ഉടന്‍ തന്നെ പഞ്ചായത്ത് മെമ്പര്‍ രമേശ് ഭട്ടിനെ ഫോണ്‍ ചെയ്തു വിവരമറിയിച്ചു. അയാള്‍ ബൈക്കില്‍ എത്തുമ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലം വിടുകയായിരുന്നു.
പൂജാമുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വൃന്ദ കിടന്നിരുന്ന മുറിയൊഴികെ മറ്റെല്ലാ മുറികളിലെയും അലമാരകള്‍ തകര്‍ത്തിരുന്നു. പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടുസ്വര്ണവളകളും രണ്ടുമോതിരങ്ങളും വെള്ളിയില്‍ നിര്‍മിച്ച പാത്രവും കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."