ബിനാലേക്ക് ഏഴു കോടി അനുവദിച്ച നടപടിയില്‍ പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: ഭവനരഹിതരും പട്ടിണി പാവങ്ങളും തിങ്ങി വസിക്കുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ബിനാലേ നടത്തിപ്പിനായി ഏഴു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച നടപടിയില്‍ പ്രതിഷേധം ഉയരുന്നു. സാധാരണക്കാരന്റെ കണ്ണീരൊപ്പാന്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ ആര്‍ഭാടത്തിനായി ഏഴ് കോടി രുപ അനുവദിച്ചതാണ് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വ്യത്യസ്ത സാംസ്‌ക്കാരിക സംഘടനകള്‍ ഇതിനകം തന്നെ സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
കലയും കലാകാരന്‍മാരേയും പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ നടന്ന ബിനാലേയില്‍, പ്രാദേശിക കലാകാരന്‍മാരെ അവഗണിക്കുന്ന നടപടികളാണ് രണ്ടു തവണയും ഉണ്ടായിട്ടുള്ളതെന്ന് പ്രാദേശിക ചിത്രകാരന്‍മാരും കലാകാരന്‍മാരും ആരോപിക്കുന്നു. ബിനാലേ നടക്കുന്ന വേദികള്‍ പലതും ചേരികള്‍ക്ക് സമീപമാണ്. ശരിയായ ആഹാരത്തിനു പോലും വകയില്ലാതെ, ഭവന രഹിതരായി ആയിരങ്ങളാണ് ചേരികളില്‍ വസിക്കുന്നത്. ഇവരുടെ കണ്ണിരൊപ്പാന്‍ നപടികള്‍ സ്വീകരിക്കാതെ ഇവര്‍ക്ക് നേരേ മുഖം തിരിച്ചു കഴിയുന്ന ഭരണാധികാരികള്‍ പക്ഷെ ബിനാലേ പോലുള്ള സംവിധാനങ്ങളെ കൈയയച്ചു സഹായിക്കുകയാണെന്ന് കൊച്ചി വികസന വേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഭവന രഹിതര്‍ സംസ്ഥാനത്ത് ഏറെയുള്ളത് ഈ ചേരികളിലാണ്. സര്‍ക്കാറിന്റെ സീറോ ലാന്റ് ലെസ് പദ്ധതി പ്രകാരം അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഇവരില്‍ ഒരാള്‍ക്ക് പോലും തല ചായ്ക്കാന്‍ ഇടം കൊടുക്കാന്‍ സര്‍ക്കാരിനായിട്ടല്ല. ഇങ്ങനെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഫീസ് ഈടാക്കി പ്രവേശനം കാണാന്‍അനുവദിക്കുന്ന ബിനാലേക്ക് സര്‍ക്കാര്‍ ഏഴ് കോടി രൂപ അനുവദിച്ചിരിക്കുന്നത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ കോര്‍പ്പറേറ്റുകളെ സഹായിച്ച് സാധാരണക്കാരനെ ശരിയാക്കിയിരിക്കയാണെന്ന് സേവ് കൊച്ചി പ്ലാറ്റ്‌ഫോം ഭാരവാഹികളും ആരോപിച്ചു.
കഴിഞ്ഞ മൂന്ന് തവണകളായി കൊച്ചിയില്‍ തന്നെ ബിനാലേ നടക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ബിനാലേക്ക് പിന്നില്‍ ഒരു കോക്കസ് ആണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം സാമാന്യബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയാനാവുമെന്നു പൈതൃക കൊച്ചി സംരക്ഷണ സമിതി ഭാരവാഹികളും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."