വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്
നെടുമ്പാശ്ശേരി: വഞ്ചിയില്‍ ശക്തിയേറിയ ബാറ്ററി ഘടിപ്പിച്ച് അതില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച മീന്‍പിടിക്കുന്നതിനും പുഴ മലിനീകരണത്തിനുമെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. പെരിയാറിലും കൈവഴികളിലും അങ്കമാലിമാഞ്ഞാലി തോട്ടിലും അനുബന്ധ തോടുകളിലും ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളും സാമൂഹിക വിരുദ്ധരും വ്യാപകമായി മാലിന്യമൊഴുക്കുന്നുവെന്നാണ് പരാതി. രാസ, വിഷ മാലിന്യം, മാംസാവശിഷ്ടം, ചത്തജീവികള്, കക്കൂസ് മാലിന്യമടക്കമാണ് തോട്ടില്‍ തള്ളുന്നത്. ഇത് മൂലം പുഴകളിലെ ശുദ്ധജല സ്രോതസ് നഷ്ടപ്പെടുകയും പുഴകളുടെ സര്‍വ നാശത്തിന് ഇടയാക്കുകയും ചെയ്യും. ഇത് പുഴകളിലെ മത്സ്യസമ്പത്തിന് വന്‍ ഭീഷണി ഉയര്‍ത്തുകയാണ്.
അതോടൊപ്പം ബാറ്ററി ഉപയോഗിച്ചും അടക്കന്‍ കൊല്ലി വല ഉപയോഗിച്ചും കൂട്ടത്തോടെ മത്സ്യക്കുരുതി നടത്തിയുള്ള മത്സ്യബന്ധനവുമാണ് മേഖലയില്‍ അരങ്ങ് തകര്‍ക്കുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് മത്സ്യത്തൊഴിലാളികളും സംഘടനകളും പലതവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടിട്ടില്ല.
ഇതേ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളി യൂനിയന്‍ നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെങ്ങമനാട് മേഖലയിലെ തൊഴിലാളികളുടെ കൂട്ടായ്മ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യൂനിയന്‍ ജില്ല സെക്രട്ടറി കെ.സി രാജീവ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ഏരിയ സെക്രട്ടറി അഡ്വ. കെ.കെ നാസര്‍ അധ്യക്ഷത വഹിച്ചു.
ഏരിയ പ്രസിഡന്റ് സി.കെ സുന്ദരേശന്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ടി.എ ഇബ്രാഹിംകുട്ടി, യൂനിയന്‍ നേതാക്കളായ എം.കെ അസീസ്, കോയ പാലപ്രശ്ശേരി, അറുമുഖന് കണ്ടന്തുരുത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."