ഇന്റര്‍നെറ്റ് സംവിധാനം കാര്യക്ഷമമല്ല
തൊടുപുഴ: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോക്താക്കള്‍ക്ക് ബാധ്യതയാകുന്നു. ഇന്റര്‍നെറ്റ് സംവിധാനം കാര്യക്ഷമമല്ലാതെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത് പരാതിപ്പെട്ടിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ല. പത്രമോഫിസുകള്‍, ബാങ്കുകള്‍, മറ്റ് സ്വകാര്യ ഓഫിസുകള്‍ അടക്കം ഏറെ ബുദ്ധിമുട്ടുകയാണ്. കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ പോലും പലപ്പോഴും വ്യക്തമായ മറുപടി കിട്ടാറില്ല. പഴയ കേബിളുകള്‍ ഇന്റര്‍നെറ്റ് സംവിധാനത്തെ സാരമായി ബാധിക്കുകയാണ്. ഇതു മാറ്റിയിടാനുള്ള നടപടികളും ഇല്ല.
ലാന്‍ഡ് ഫോണുകള്‍ പലരും ഇതോടെ ഒഴിവാക്കി കഴിഞ്ഞു. തകരാര്‍ വന്നാല്‍ പരിഹരിക്കുന്ന കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന താത്പര്യമില്ലായ്മയാണ് ഉപയോക്താക്കളെ ലാന്‍ഡ് ഫോണ്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ കാര്യവും വ്യത്യസ്തമല്ല. ടവറിനു തൊട്ടു താഴെ നിന്ന് വിളിച്ചാലും കണക്ഷന്‍ കിട്ടാറില്ല. ഉപയോക്താക്കള്‍ മണിക്കൂറുകളോളം പരിധിക്കു പുറത്താണ്. സ്വകാര്യ കമ്പനികള്‍ ഇന്റര്‍നെറ്റ് സൗകര്യം ദിനം പ്രതി വികസിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബി.എസ്.എന്‍.എലിന്റെ അവഗണന. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഒരുവിഭാഗം ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
3ജി എന്ന് പറയുന്നിടത്തുപോലും2ജി ആണു ലഭിക്കുന്നത്.
സംസാരത്തിനിടയില്‍ മറ്റു സംഭാഷണങ്ങള്‍ കയറി വരിക, ഫോണ്‍ ഓണ്‍ ആയിരിക്കുമ്പോഴും സ്വിച്ച് ഓഫ് ആണെന്ന സന്ദേശം ലഭിക്കുക തുടങ്ങി ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ് വര്‍ക്കിനെ കുറിച്ചുള്ള പരാതികള്‍ നിരവധിയാണ്. ടൗണിലെ 200 മീറ്ററില്‍ ചുറ്റളവില്‍ പോലും പൂര്‍ണമായി റേഞ്ച് ലഭിക്കാറില്ല.
3ജി സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും ഇത് എവിടെയൊക്കെ ലഭ്യമാണെന്ന ഇന്‍സ്റ്റലേഷന്‍ വേരിഫിക്കേഷന്‍ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലന്നാണ് സൂചന. ബിഎസ്എന്‍എല്‍ മൊബൈലിലേയ്ക്ക് ഒരു കോള്‍ ചെയ്യുവാന്‍ കുറഞ്ഞത് അഞ്ച് പ്രാവശ്യമെങ്കിലും ശ്രമിക്കേണ്ട അവസ്ഥയാണ്. കൂടുതല്‍ കോളുകള്‍ ഒരുമിച്ച് വരുമ്പോള്‍ ടവറുകള്‍ നിശ്ചലമാകുന്നതാണ് ഇതിന്റെ കാരണം. മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ മികച്ച സേവനം നല്‍കുമ്പോഴാണ് ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ പ്രതിസന്ധിയിലാകുന്നത്.
സ്വകാര്യ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഉപയോക്താക്കള്‍. കണക്ഷനുകളുടെ വര്‍ധന അനുസരിച്ച് ടവറുകള്‍ നിര്‍മിക്കാത്തതാണ് പ്രധാന പ്രതിസന്ധി. വൈദ്യുതി പോയാല്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന ടവറുകളും തൊടുപുഴ മേഖലയിലുണ്ട്. അടുത്തു നിന്നു പരസ്പരം ഫോണ്‍ വിളിച്ചാല്‍ പോലും പലപ്പോഴും പരിധിക്ക് പുറത്താണെന്നാണ് പറയുന്നത്. ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറുകളുടെ ഭാഗമായ ബേസിക് ട്രാന്‍സ്മിഷന്‍ സ്‌റ്റേഷനുകളിലെ പവര്‍ സപ്ലൈയുടെ ബാക്ക് അപ് ഏറെ നാളുകളുകളായി കുറഞ്ഞിരിക്കുകയാണ്. ബാറ്ററികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സര്‍ക്യൂട്ട് കാര്‍ഡുകള്‍ പുതുക്കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. വൈദ്യുതി ബന്ധം നിലച്ചാല്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ളില്‍ ടവറില്‍ വൈദ്യുതി നല്‍കേണ്ടത് ഈ ബാറ്ററികളാണ്. നിലവിലുള്ള ടവറുകള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് വരുന്ന കോളുകളുടെ എണ്ണവും. ഇതും ഉപയോക്താക്കള്‍ക്ക് തെറ്റായ സന്ദേശം ലഭിക്കുന്നതിന് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."