വിളപ്പില്‍ശാല: സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ആശങ്ക പങ്കിട്ട് പ്രദേശവാസികള്‍
കാട്ടാക്കട: മാലിന്യനിക്ഷേപസമരത്തിലൂടെ ആഗോള ശ്രദ്ധ നേടിയ വിളപ്പില്‍ പഞ്ചായത്തുകാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാത്തിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനവും പോളിടെക്‌നിക്കുമാണ് പ്രദേശവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഇത് രണ്ടും ഫയലില്‍ ഒതുങ്ങുമോ അതോ നടപ്പിലാക്കുമോ എന്ന ആശങ്ക പങ്കിടുകയാണ് മാലിന്യ സമരത്തിന് നേതൃത്വം നല്‍കിയവര്‍.
സാങ്കേതിക സര്‍വകലാശാലയ്ക്കായി വിളപ്പില്‍ശാലയിലെ ചവര്‍ ഫാക്ടറി ഏറ്റെടുക്കാന്‍ നടത്തിയ നീക്കം കോര്‍പ്പറേഷന്‍ എതിര്‍ക്കുകയാണ്. പോളിടെക്‌നിക്കിനാകട്ടെ സ്ഥലമെടുക്കാനുള്ള നീക്കം അധികൃതരുടെ അലംഭാവത്തില്‍ നീളുകയാണ്. സാങ്കേതിക സര്‍വകലാശാലയ്ക്കു വേണ്ടത് നൂറേക്കറാണ്. പോളിടെക്‌നിക്കിന് പുതിയ തീരുമാനമനുസരിച്ച് മൂന്നേക്കറും.
സാങ്കേതിക സര്‍വകലാശാലയ്ക്കായി നഗരസഭയുടെ അടച്ചുപൂട്ടിയ വിളപ്പില്‍ശാല മാലിന്യസംസ്‌കരണകേന്ദ്രത്തിനു സമീപം സ്ഥലമെടുക്കാനാണ് ധാരണയായിരുന്നത്. സര്‍വകലാശാലാ ആസ്ഥാനത്തിനായി വിളപ്പില്‍ശാലയില്‍ ഭൂമി ഏറ്റെടുക്കുന്നതിനു സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതിക്ക് കാത്തിരിക്കുകയാണ്. മാലിന്യസംസ്‌കരണശാലയുടെ 48 ഏക്കറിലധികം ഇവിടെയുണ്ട്.
അവിടെ ഫാക്ടറിയുടെ പ്രവര്‍ത്തനംനിലച്ചിട്ട് ആറുവര്‍ഷമായി. ഈ സ്ഥലം മുഴുവന്‍ കാടുപിടിച്ച് ഉപയോഗ ശൂന്യമായി കിടക്കുന്നു. കോടികള്‍ ചെലവഴിച്ച ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. സ്ഥലത്ത് പച്ചക്കറിയും വാഴയുമൊക്കെ കൃഷിചെയ്ത് നഗരസഭനടത്തിയ പരീക്ഷണമെല്ലാം വെറുതെയായി. ഇന്നിപ്പോള്‍ ആറു കാവല്‍ക്കാര്‍ക്ക് ശമ്പളം കൊടുത്ത് നഗരസഭ ഈ കാടുകയറിയ ഭൂമിയും തുരുമ്പെടുത്ത ഉപകരണങ്ങളും സംരക്ഷിക്കുന്ന നിലയാണ്. മാലിന്യ സംസ്‌കരണത്തിനായി കേന്ദ്രഫണ്ട് ചെലവഴിച്ചുവാങ്ങിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കു വിട്ടു കൊടുക്കാനാവില്ലെന്ന വാദമാണ് കോര്‍പ്പറേഷനുള്ളത്.
എന്നാല്‍ അത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി സര്‍വകലാശാലാ ആസ്ഥാനത്തിനായി വിളപ്പില്‍ശാലയില്‍ ഇനി പുതിയസ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസവും ഭൂമി വിട്ടുനല്‍കേണ്ടി വരുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ നഗരസഭയുടെ ഭൂമി ഉപയോഗിക്കുന്നത് ഗുണകരമാകും എന്ന നിര്‍ദ്ദേശവും പരിഗണിക്കാന്‍ നടത്തിയ ഫയല്‍ നീക്കം തടസപ്പെട്ടിരിക്കുകയാണ്. വിളപ്പില്‍ശാലയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പോളിടെക്‌നിക് കോളജ് സ്ഥലമില്ലാത്തതിനാല്‍ തുടങ്ങാനായിട്ടില്ല.
വിളപ്പില്‍ശാല കുന്നുംപാറയിലെ പുറമ്പോക്കുഭൂമിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം പോളിടെക്‌നിക്കിന് നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും ഭൂമിയില്‍ സ്വകാര്യവ്യക്തിയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ അത് വിട്ടുകൊടുക്കാന്‍ നിയമ തടസമുണ്ടെന്ന് കാട്ടാക്കട തഹസില്‍ദാര്‍ പോളിടെക്‌നിക്കിനായി നിയമിച്ച സ്‌പെഷ്യല്‍ ഓഫിസറെ രേഖാമൂലം അറിയിച്ചിരുന്നു.
അവിടെ കണ്ടെത്തിയ മൂന്നര ഏക്കര്‍ സ്ഥലത്തേക്കുപോകാന്‍ വഴിയില്ലെന്നതും തടസമായി നല്‍ക്കുന്നു. സാങ്കേതിക സര്‍വകലാശാലയ്ക്കുപുറമേ പോളിടെക്‌നിക്കിനും വിളപ്പില്‍ശാലയില്‍ മറ്റൊരുസ്ഥലം തിരയുന്നതിനുപകരം സര്‍ക്കാര്‍ ഇടപെടലില്‍ നഗരസഭയുടെ സ്ഥലം ഏറ്റെടുക്കുന്നത് ഗുണകരമാകുമെങ്കിലും അത് പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."