ലീലയും കുടുംബവും ഇനി പുതിയ 'ഇട'ത്തില്‍
കൊല്ലം: ഓട്ടിസം ബാധിച്ച മകനെയും ചേര്‍ത്തുപിടിച്ച് മൂന്നു പതിറ്റാണ്ടിലേറെയായി ലീല നടത്തുന്ന ജീവിതസമരത്തിന് ഒരു കിടപ്പാടത്തിന്റെ ആശ്വാസം. വെള്ളിമണ്‍ പാലക്കട ജയന്തി കോളനിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തുറന്നുകൊടുത്ത 'ഇടം' വീട്ടിലേക്ക് ലീലയും ഭര്‍ത്താവ് സോമനും മകന്‍ ബിജുവും പ്രവേശിച്ചത് പുതിയ പ്രതീക്ഷകളോടെ. സര്‍ക്കാരും പൊതുസമൂഹവും കൈകോര്‍ക്കുന്ന പുതിയ ചുവടുവയ്പിന്റെ വിജയ പ്രഖ്യാപനം കൂടിയായി മാറി 'ഇടം' പദ്ധതിയുടെ ഭാഗമായി തീര്‍ത്ത വീടിന്റെ താക്കോല്‍ദാന ചടങ്ങ്.
സര്‍ക്കാരിന്റെ പദ്ധതിക്കു സാമൂഹിക മൂലധനത്തിന്റെ കൈത്താങ്ങുമായെത്തിയ ടി.കെ.എം ട്രസ്റ്റും വേറിട്ട വികസന സംസ്‌കാരത്തിന്റെ അടയാളമായി. സുസ്ഥിര വികസന മാതൃകയായി ഐക്യരാഷ്ട്രസഭയില്‍ അവതരിക്കപ്പെട്ട ഇടം പദ്ധതിയുടെ സുപ്രധാന ഘടകമാണു ലൈഫ് മിഷന്റെ ഭാഗമായി നടത്തിയ ഭവനിര്‍മാണം.
ഇടം പദ്ധതിയിലൂടെ ഗൃഹനിര്‍മാണത്തില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാകുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. സാമൂഹ്യ മൂലധനത്തിന്റെ സഹായത്തോടെ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചുനല്‍കും. ആസ്തിനിര്‍മാണത്തിന്റെ സാധ്യതകള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പുതിയ മേഖലകളിലേക്കുമെത്തിക്കാന്‍ കഴിയും.
സേവനസന്നദ്ധരായ മനുഷ്യരെ ഒരു കുടക്കീഴിലെത്തിക്കുന്നതോടെ സമൂഹത്തിനു ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇടം പദ്ധതിയെന്നും മന്ത്രി പറഞ്ഞു. 36 ദിവസങ്ങള്‍ കൊണ്ട് ചെലവു കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുനിര്‍മിച്ച ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു.
പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സന്തോഷ്, എസ്. രാജീവ്, കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എല്‍ സജികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരന്‍, ടി.കെ.എം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയ്യൂബ്, സുനില്‍ ഭാസ്‌കരന്‍, മുഹമദ് അസീം, ആസിഫ് അയൂബ്, അക്ഷയ് സുനില്‍, ഹരികൃഷ്ണന്‍, അക്ബര്‍ ബഷീര്‍, ബിന്നു ജേക്കബ്, അര്‍ഷാക് സലാഹുദ്ദീന്‍, സോമവല്ലി, ശ്രീദേവി, ശ്രീകുമാരി, പ്രസന്നന്‍, ഷീനലോപ്പസ് പങ്കെടുത്തു.
വൈറ്റ്ക്യൂബ് ആര്‍ട്ട് ഗ്യാലറി ജില്ലാഭരണകൂടത്തിനു സമ്മാനിച്ച ഹരിതകേരളം ചിത്രങ്ങള്‍ ഇടം കോഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."