കൊവിഡ് ബാധ നൂറുകടന്ന് നാലാം ദിവസവും
തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ്- 19 ബാധിതരുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിനത്തിലും നൂറു കടന്നു. ഇന്നലെ 138 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
അതിവേഗം രോഗികളുടെ എണ്ണം കുതിച്ചുകയറുകയാണ്. ജൂണ്‍ 19 മുതല്‍ ഇന്നലെ വരെ 516 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യഥാക്രമം 118, 127, 133, 138 എന്നിങ്ങനെയാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം. ഇന്നലെ 88 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് മലപ്പുറം- 17, പാലക്കാട്- 16, എറണാകുളം- 14, കൊല്ലം- 13, കോട്ടയം- 13, ആലപ്പുഴ- 12, തൃശൂര്‍- 12, തിരുവനന്തപുരം- 11, കാസര്‍കോട്- ഒന്‍പത്, കോഴിക്കോട്- അഞ്ച്, വയനാട്- അഞ്ച്, പത്തനംതിട്ട- നാല്, ഇടുക്കി- നാല്, കണ്ണൂര്‍- മൂന്ന് എന്നിങ്ങനെയാണ്.
ഇതില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈത്ത്- 43, യു.എ.ഇ-14, ഖത്തര്‍- 14, സഊദി അറേബ്യ- ഒന്‍പത്, ഒമാന്‍- നാല്, ബഹ്‌റൈന്‍- ഒന്ന്, റഷ്യ- ഒന്ന്, നൈജീരിയ- ഒന്ന്) 47 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 18, തമിഴ്‌നാട്- 12, ഡല്‍ഹി- 10, പശ്ചിമബംഗാള്‍- രണ്ട്, ഉത്തര്‍പ്രദേശ്- രണ്ട്, കര്‍ണാടക- ഒന്ന്, ആന്ധ്രപ്രദേശ്- ഒന്ന്, പഞ്ചാബ്- ഒന്ന്) വന്നവരാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ രണ്ടു പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും കോട്ടയം ജില്ലയില്‍ സ്ഥിരീകരിച്ചയാള്‍ ആശാ പ്രവര്‍ത്തകയുമാണ്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് മലപ്പുറം- 26 (ഒരു തൃശൂര്‍ സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, ഒരു പാലക്കാട് സ്വദേശി), കണ്ണൂര്‍- 18 (രണ്ടു കാസര്‍കോട് സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി, ഒരു തൃശൂര്‍ സ്വദേശി), പാലക്കാട്- 11, എറണാകുളം- ഒന്‍പത്, കോഴിക്കോട്- ഏഴ്, കാസര്‍കോട്- ഏഴ്, കോട്ടയം- നാല്, തൃശൂര്‍- നാല്, ഇടുക്കി- രണ്ട് എന്നിങ്ങനെയാണ്. ഇതോടെ 1,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ പുതിയ നാലിടങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റി (വാര്‍ഡ് അഞ്ച്, എട്ട്), രാജകുമാരി (വാര്‍ഡ് എട്ട്), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (വാര്‍ഡ് 14, 15) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ 23ാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."