ഇടവക കുടുംബ കൂട്ടായ്മ കൈകോര്‍ത്തു: സണ്ണിക്ക് അടച്ചുറപ്പുള്ള വീട് സ്വന്തം
കുറവിലങ്ങാട്: ഇടവക കുടുംബ കൂട്ടായ്മ വിളിച്ചോതിയപ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ഒരു കുടുംബം. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകയിലെ ഇരുപത്തഞ്ചാം വാര്‍ഡിലെ മൂന്നാം കൂട്ടായ്മയായ സെന്റ് ആല്‍ബര്‍ട്ട്‌സ് കൂട്ടായ്മയാണു കാരുണ്യവര്‍ഷത്തില്‍ സഹജീവിക്കു പിന്തുണയുമായി സമൂഹത്തിനു മാതൃകയായത്. കുടുംബകൂട്ടായ്മ ഭാരവാഹികളും ഇടവകയിലെ പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളും നേതൃത്വം നല്‍കിയാണു കുര്യനാട് മടുക്കനിരപ്പേല്‍ കല്ലോലിക്കല്‍ സണ്ണിക്കു വാസയോഗ്യമായ വീട് ഇന്നലെ കൈമാറിത്.
ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍ സെന്റ് ആല്‍ബര്‍ട്‌സ് കൂട്ടായ്മയിലെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ സണ്ണിയുടെ കുടുംബം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കാത്തിരിക്കുന്നതായി മനസിലാക്കി മതിയായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കുടുംബകൂട്ടായ്മ ഭാരവാഹികളോട് നിര്‍ദേശിക്കുകയായിരുന്നു. കുടുംബകൂട്ടായ്മ പ്രസിഡന്റ് ഹോര്‍മിസ് ജേക്കബ്, സെക്രട്ടറി ജിഷ സുനില്‍, ഇടവക പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹി മേഴ്‌സി സാജന്‍ എന്നിവരാണു ധനസമാഹരണത്തിനും വീട് നിര്‍മാണത്തിനും നേതൃത്വം നല്‍കിയത്. മൂന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു കാരുണ്യം കുറവിലങ്ങാട് എന്ന പേരില്‍ കുറവിലങ്ങാട് ഇടവക നടത്തുന്ന ഭവനനിര്‍മാണ പദ്ധതിയും കുടുംബകൂട്ടായ്മയ്ക്കു തുണയായി.
മൂന്നുമുറിയും അടുക്കളയും സിറ്റ് ഔട്ടുകളും ഉള്‍ക്കൊള്ളുന്ന വാര്‍ക്കവീടാണു പണിതീര്‍ത്ത് ഇന്നലെ കൈമാറിയത്. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ വീട് ആശീര്‍വദിച്ചു. കൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ മധുരപലഹാരവിതരണവും നടത്തി. ഈ വാര്‍ഡില്‍ കാരുണ്യം കുറവിലങ്ങാട് പദ്ധതിയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റ് വീടുകളും ഭാരവാഹികള്‍ റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."